X
    Categories: CultureViews

ചാമ്പ്യന്‍സ് ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റിയെ മൊണാക്കോ പുറത്താക്കി, അത്‌ലറ്റികോ മാഡ്രിഡ് ക്വാര്‍ട്ടറില്‍

മൊണാക്കോ: ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്നു പുറത്ത്. പ്രീക്വാര്‍ട്ടര്‍ എവേ മത്സരത്തില്‍ മൊണാക്കോ 3-1 ന് തോല്‍പ്പിച്ചതോടെയാണ് പെപ് ഗ്വാര്‍ഡിയോളയുടെ ടീമിന്റെ യൂറോപ്യന്‍ സവാരിക്ക് അന്ത്യമായത്.

ആദ്യപകുതിയില്‍ എംബാപ്പെ ലോട്ടിന്‍, ഫാബിഞ്ഞോ എന്നിവരുടെ ഗോളില്‍ മൊണാക്കോ വ്യക്തമായ ലീഡെടുത്തെങ്കിലും 71-ാം മിനുട്ടില്‍ ലിറോയ് സാനെ സന്ദര്‍ശകരെ മത്സരത്തില്‍ തിരിച്ചെത്തിച്ചിരുന്നു. 77-ാം മിനുട്ടില്‍ തിമൂവെ ബകയോകോ ആണ് ഫ്രഞ്ച് ടീമിന്റെ നിര്‍ണായക ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ സ്വന്തം ഗ്രൗണ്ടില്‍ ബയേര്‍ ലെവര്‍കുസനെ സമനിലയില്‍ തളച്ച് അത്‌ലറ്റികോ മാഡ്രിഡും ക്വാര്‍ട്ടറിലെത്തി.

മാഞ്ചസ്റ്ററില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ 5-3 ന് ജയം സിറ്റിയാണ് നേടിയത്. രണ്ടാംപാദത്തിനു ശേഷം സ്‌കോര്‍നില 6-6 ആയപ്പോള്‍ എവേ ഗോള്‍ ആനുകൂല്യം മൊണാക്കോയ്ക്ക് അനുകൂലമായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടപ്രതീക്ഷ ഏറെക്കുറെ അസ്മതിച്ച സിറ്റിക്ക് കനത്ത ആഘാതമായി ചാമ്പ്യന്‍സ് ലീഗിലെ പരാജയം.

ആദ്യപാദത്തിലെ പരാജയത്തില്‍ നിന്ന് കരകയറാനുറച്ച സ്വന്തം തട്ടകത്തിലിറങ്ങിയ മൊണാക്കോ എട്ടാം മിനുട്ടില്‍ തന്നെ മുന്നിലെത്തി. സിറ്റിയുടെ ബോക്‌സിനകത്തെ കൂട്ടപ്പൊരിച്ചിലിനിടയില്‍ ബെര്‍ണാണ്ടോ സില്‍വയുടെ പാസില്‍ നിന്ന് എംബാപ്പെ ലക്ഷ്യം കണ്ടു. 29-ാം മിനുട്ടില്‍ ബെര്‍ണാഡ് മെന്‍ഡിയുടെ ക്രോസില്‍ നിന്ന് ഫാബിഞ്ഞോ കൂടി ലക്ഷ്യം കണ്ടതോടെ സിറ്റിയുടെ ആശങ്കകള്‍ തുടങ്ങി. 71-ാം മിനുട്ടില്‍ റീബൗണ്ടില്‍ നിന്ന് ജര്‍മന്‍ താരം ലിറോയ് സാനെ നേടിയ ഗോള്‍ സിറ്റിയുടെ പ്രതീക്ഷകള്‍ ഉയര്‍ത്തി. എന്നാല്‍ 77-ാം മിനുട്ടില്‍ ബകായോകോ മത്സരം സിറ്റിയില്‍ നിന്ന് റാഞ്ചി ലക്ഷ്യം കണ്ടു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: