X
    Categories: NewsViews

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; അഞ്ചു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം,കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ നേരത്തെ റെഡ്അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അങ്കണവാടികള്‍, മദ്രസ, ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.

വടക്കന്‍ കേരളത്തിലും ഇടുക്കിയിലും ശക്തമായ മഴ തുടരുകയാണ്. പാലക്കാട് അട്ടപ്പാടിയില്‍ വീടിന് മുകളില്‍ മരം വീണ് ചൂണ്ടകുളം ഊരിലെ കാര മരിച്ചു. ഇടുക്കിയില്‍ കനത്ത മഴയില്‍ വീടുകളില്‍ വെള്ളം കയറി. വാഹനങ്ങള്‍ മുങ്ങി. പീരുമേട്ടില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.

കണ്ണൂര്‍ അടക്കാത്തോട്, നെല്ലിയോട് മേഖലകളിലും മലപ്പുറം കരുളായി വനത്തിലും ഉരുള്‍പൊട്ടി. വളപട്ടണം പുഴ കരകവിഞ്ഞതോടെ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ വെള്ളംകയറി. നിലമ്പൂര്‍ ടൗണിലെ ജനതാപ്പടിയില്‍ സംസ്ഥാനപാതയില്‍ വെള്ളം കയറി. കോഴിക്കോട് അടിവാരം കണ്ണപ്പന്‍കുണ്ട് വരാല്‍മൂലയിലും ഉരുള്‍പൊട്ടി. ഇരുവഴിഞ്ഞിപ്പുഴയിലും ചാലിയാറിലും ജലനിരപ്പ് ഉയര്‍ന്നതോടെ വീടുകളില്‍ വെള്ളം കയറി. അമ്പായത്തോടില്‍ 32 കുടുംബങ്ങളിലെ 132 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കോഴിക്കോടിന്റെ കിഴക്കന്‍ മലയോര മേഖലയിലും കനത്ത മഴ തുടരുകയാണ്.

web desk 1: