X

കനത്ത മഴ; കണ്ണൂര്‍ മലയോര മേഖലയില്‍ രാത്രി യാത്ര നിരോധിച്ചു

 

കണ്ണൂര്‍: കനത്ത മഴയെ തുടര്‍ന്ന് കണ്ണൂരിലെ മലയോര മേഖലയിലേക്കും തിരിച്ചുമുള്ള രാത്രിയാത്ര നിരോധിച്ചു. വൈകീട്ട് 7 മുതല്‍ രാവിലെ 7 വരെയാണ് യാത്രാ നിരോധനം. മണ്ണിടിച്ചില്‍ മൂലമുള്ള അപകടങ്ങള്‍ക്ക് സാധ്യതയുള്ളതിനാലാണ് യാത്രാ നിരോധനം ഏര്‍പെടുത്തിയതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

മലയോര മേഖലയിലുള്ളവരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിത്താമസിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. മഴ ശക്തമായതിനാല്‍ കണ്ണൂര്‍, ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

അടുത്ത ബുധനാഴ്ച വരെ കനത്ത മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു. വടക്കന്‍ കേരളത്തില്‍ മഴ ശക്തിപ്പെടുന്നു. പലയിടത്തും കടത്ത മഴ തുടരുകയാണ്.

ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനതപുരം കൊല്ലം പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ ചൈന കടലില്‍ രൂപപ്പെട്ട ‘ന്യോള്‍ ‘ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് കാലവര്‍ഷക്കാറ്റ് ശക്തിപ്പെട്ടതും മഴ ശക്തമായതും. തീരദേശത്ത് കടലാക്രമണം രൂക്ഷമാണ്.

 

 

web desk 1: