X
    Categories: indiaNews

ലോക്ഡൗണ്‍; ശ്രമിക് ട്രെയിന്‍ യാത്രക്കിടയില്‍ 97 പേര്‍ മരിച്ചെന്ന് കേന്ദ്രം

 

ന്യൂഡല്‍ഹി: ലോക്ക്‌ഡൌണ്‍ കാലത്ത് പ്രഖ്യാപിച്ച പ്രത്യേക ട്രെയിനായ ശ്രമിക് ട്രെയിന്‍ യാത്രക്കിടയില്‍ സെപ്തംബര്‍ 9 വരെയുള്ള കാലയളവില്‍ 97 പേര്‍ മരിച്ചിട്ടുണ്ടെന്ന് കേന്ദ്രം. റെയില്‍വെ മന്ത്രി പീയൂഷ് ഗോയല്‍ രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രെയിന്റെ ചോദ്യത്തിനാണ് മന്ത്രി രേഖാമൂലം മറുപടി നല്‍കിയിരിക്കുന്നത്.

ഓഗസ്റ്റ് 9വരെയുള്ള കാലയളവില്‍ ശ്രമിക് ട്രെയിന്‍ യാത്രക്കിടെ 97പേര്‍ മരിച്ചെന്ന് പൊലീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു എന്ന് മന്ത്രി പറഞ്ഞു.അസ്വാഭാവിക മരണങ്ങള്‍ക്ക് സിആര്‍പിസി സെക്ഷന്‍ 174 വകുപ്പ് ചേര്‍ത്ത് കേസെടുത്ത പൊലീസ്, തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.

87പേരുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ഇതില്‍ 51പേര്‍ മരിച്ചത് ഹൃദയാഘാതം, മസ്തിഷ്‌ക രക്തസ്രവം, മുമ്പുണ്ടായിരുന്ന വിട്ടുമാറാത്ത രോഗങ്ങള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, കരള്‍ രോഗങ്ങള്‍ എന്നിവ കാരണമാണെന്നും മന്ത്രി വ്യക്തമാക്കി.

മാര്‍ച്ച് 25ന് ആരംഭിച്ച ലോക്ക്ഡൗണില്‍ എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചുവെന്നതിന് കൃത്യമായ വിവരങ്ങളില്ലെന്ന് തൊഴില്‍ മന്ത്രാലയം പാര്‍ലമെന്റില്‍ നല്‍കിയ മറുപടി വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ട്രെയിന്‍ യാത്രക്കിടെ മരിച്ച തൊഴിലാളികളുടെ വിവരം റെയില്‍വെ മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

മെയ് 1മുതലാണ് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ നാടുകളിലെത്തിക്കാനായി ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചത്.

 

web desk 1: