X

തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

താമരശേരി: മണ്ണിടിച്ചിലും മലവെള്ളപാച്ചിലും തുടരുന്ന സാഹചര്യത്തില്‍ തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികള്‍, എല്‍.പി, യു.പി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങള്‍ക്ക് നാളെ (ജൂണ്‍ 13) കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി ജോസ് അവധി പ്രഖ്യാപിച്ചു

കാലവര്‍ഷം ശക്തമായതോടെ പലയിടത്തും ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുകയാണ്. അതിനിടെ കനത്ത മഴയില്‍ തിരുവമ്പാടി ആനക്കാംപൊയിലില്‍ ഉരുള്‍പൊട്ടല്‍. ശക്തമായ മലവെള്ള പാച്ചിലിനെ തുടര്‍ന്ന് 17 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. പുല്ലൂരാംപാറയില്‍ 11 വീട്ടുകാരെ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്കും ബന്ധുവീടുകളിലേക്കും നൂറാംതോട്ടില്‍ എട്ട് കുടുംബങ്ങളെ എഎംഎല്‍പി സ്‌കൂളിലേക്കുമാണ് മാറ്റിപാര്‍പ്പിച്ചത്. താമരശ്ശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

പുല്ലൂരംപാറ ഇലന്തക്കടവ് പാലത്തിന് താഴെ ഇലന്തക്കടവ് തുരുത്തിലെ വീട്ടുകാരെയാണ് മുന്‍കരുതലെന്ന നിലയില്‍ മാറ്റിപാര്‍പ്പിച്ചത്. മൂന്ന് വീട്ടുകാരാണ് പുല്ലൂരാംപാറ സ്‌കൂളിലേക്ക് മാറ്റിയതെന്ന് താമരശ്ശേരി തഹസില്‍ദാര്‍ പറഞ്ഞു. വനത്തില്‍ ഉരുള്‍പൊട്ടലുണ്ടായതായാണ് സംശയിക്കുന്നത്. ഇതേ തുടര്‍ന്ന് വീടുകളിലേക്ക് വെള്ളം കയറിയിരുന്നു.

പുല്ലൂരാംപാറയില്‍ കൂമുള്ളി ഷഹര്‍ബാന്‍, പുളിക്കത്തടത്തില്‍ തോമാച്ചന്‍, ചക്കുങ്കല്‍ ജിജി വര്‍ഗീസ്, തയ്യില്‍ ചാക്കോ, പുതുപ്പള്ളി മാത്യു, അഞ്ചുകണ്ടത്തില്‍ അയിഷുമ്മ, മാളിയേക്കല്‍ മോഹനന്‍, ജോര്‍ജ് മുളക്കല്‍, ചേന്നംകുളത്ത് ജോസഫ്, കൊഴുവേലി ജോര്‍ജ്, താന്നിക്കര നാസര്‍ തുടങ്ങിയ വീട്ടുകാരെയാണ് മാറ്റിയത്.

നെല്ലിപ്പൊയിലില്‍ ശക്തമായ മണ്ണിടിച്ചിലുമുണ്ടായി. ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ ഷിബു, താലൂക്ക്, വില്ലേജ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിലുണ്ട്.

chandrika: