X

കോഴിക്കോട് സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു; വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് താമരശ്ശേരിയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു. പരപ്പന്‍പൊയില്‍ രാരോത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കെട്ടിടമാണ് തകര്‍ന്നുവീണത്. രാവിലെ മുതല്‍ പ്രദേശത്ത് കനത്ത മഴയാണ് പെയ്തത്. അതിനാല്‍ ഉച്ചഭക്ഷണത്തിനു ശേഷം കുട്ടികളെ വീട്ടിലേക്ക് അയച്ചിരുന്നു. വൈകുന്നേരം നാലുമണിയോടെയാണ് ആയിരത്തോളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണത്. ഇതോടെ വന്‍ദുരന്തം ഒഴിവാകുകയായിരുന്നു.

സ്‌കൂള്‍ കെട്ടിട ഭിത്തിക്ക് വിള്ളല്‍ ഉണ്ടാകുകയും ഭിത്തി തകരുകയുമായിരുന്നു. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന്റെ ഭാഗമാണ് തകര്‍ന്നുവീണത്. അപകടത്തെ തുടര്‍ന്ന് മൂന്ന് ദിവസത്തേക്ക് സ്‌കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ വീര്‍പ്പുമുട്ടുന്ന സ്‌കൂളിന് ഒരു കെട്ടിടം മാത്രമാണ് സ്വന്തമായുള്ളത്. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന മറ്റു മൂന്നു കെട്ടിടങ്ങളും ഏറെ കാലപ്പഴക്കമുള്ളവയാണ്. സ്‌കൂളിന് പുതിയ കെട്ടിടം വേണമെന്ന ആവശ്യം ഏറെക്കാലമായി ഉയര്‍ന്നിരുന്നു. സ്‌കൂളിനായി ഒരു കെട്ടിടത്തിന്റെ പണി നടക്കുന്നുണ്ടെങ്കിലും പൂര്‍ത്തിയായിട്ടില്ല.

കോഴിക്കോടിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴ തുടരുകയാണ്. കോഴിക്കോട്-വയനാട് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.വളയംചാലില്‍ ചീങ്കണ്ണിപ്പുഴയ്ക്ക് കുറുകെയുള്ള തൂക്കുപാലം ഒഴുകിപ്പോയി.ഒഡീഷ തീരത്തെ ന്യൂനമര്‍ദ്ദമാണ് കേരളത്തില്‍ ശക്തമായ മഴയ്ക്ക് കാരണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുളളത്. അടുത്ത അഞ്ചു ദിവസം കൂടി മഴ തുടരും. വരുന്ന 48 മണിക്കൂറില്‍ കനത്ത മഴയ്ക്ക് സാധ്യത. കനത്ത മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

chandrika: