X

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; വായു ചുഴലിക്കാറ്റ് ഗുജറാത്തിലേക്ക്

തിരുവനന്തപുരം: ‘വായു ‘ചുഴലികാറ്റ് ഗുജറാത്ത് തീരത്ത് ശക്തമാകുന്നെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച്ച പുലര്‍ച്ചെ ഗുജറാത്ത് തീരം തൊടുമെന്ന് കരുതപ്പെടുന്ന വായു ചുഴലിക്കാറ്റ് പോര്‍ബന്തര്‍, ബഹുവ ദിയു, വേരാവല്‍ തീരപ്രദേശങ്ങളില്‍ നാശം വിതയ്ക്കാന്‍ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വായു ചുഴലിക്കാറ്റിന്റെ ഫലമായി കേരള തീരത്ത് ഇന്നും ശക്തമായ കാറ്റിന് സാധ്യത നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് തുടരുന്നു. 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം തീരപ്രദേശത്ത് കടല്‍പ്രക്ഷുബ്ധമാണ്.

മണിക്കൂറില്‍ 120 കിലോമീറ്ററോളം വേഗത്തില്‍ ഗോവന്‍ തീരത്തു നിന്നും വടക്കോട്ട് സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് അറബിക്കടലിലേക്ക് ഇപ്പോള്‍ ഉള്‍വലിഞ്ഞിരിക്കുകയാണ്. തിരകള്‍ 1 മുതല്‍ ഒന്നര മീറ്റര്‍ വരെ ഉയരത്തില്‍ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ കര നാവിക സേനകളും തീരസംരക്ഷണ സേനയും ഗുജറാത്ത് തീരത്ത് സജ്ജമായിട്ടുണ്ട്. മണിക്കൂറില്‍ 135 കിലോ മീറ്റര്‍ വേഗതയിലേക്ക് വരെ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കാന്‍ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിക്കുന്നത്.

അടുത്ത 5 ദിവത്തേക്ക് സംസ്ഥാനമാകെ നല്ല മഴ ലഭിക്കും. വായു ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി മാറുന്നതിലൂടെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അതിനാല്‍, കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരത്തും, അറബികടലിന്റെ തെക്ക് കിഴക്ക് ഭാഗത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

chandrika: