X

കേരളത്തില്‍ കനത്ത മഴക്ക് സാധ്യത; മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും കനത്തമഴക്കും ചുഴലിക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. ഒക്‌ടോബര്‍ ഏഴിന് കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

കേരളത്തിലെ മിക്ക ജില്ലകളിലും അഞ്ച് മുതല്‍ ഏഴു വരെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചില ജില്ലകളില്‍ നാലിനും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഞായറാഴ്ച്ച ലക്ഷദ്വീപിന് സമീപം അറബിക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തമാകുമെന്നും തിങ്കളാഴ്ച്ച അത് ചുഴലിക്കാറ്റാകുമെന്നും കാലാവസ്ഥാ പ്രവചനമുണ്ട്.

ഇടുക്കിയില്‍ നാല് മുതല്‍ ആറു വരെ തിയതികളിലും തൃശൂരിലും പാലക്കാടും ആറിനും പത്തനംതിട്ടയില്‍ ഏഴിനും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്നു. മലയോരമേഖലകളില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്നും അഞ്ചിനുള്ളില്‍ ക്യാമ്പുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മൂന്നാറിലെ നീലക്കുറിഞ്ഞി ടൂറിസത്തിന് അഞ്ചിനു ശേഷം നിരോധനമുണ്ടാകുമെന്നും കേന്ദ്രത്തോട് സഹായം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സേനാവിഭാഗങ്ങളോട് അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ സജ്ജരാകണമെന്നും നാളെയും ദുരന്തനിവാരണയോഗം ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

chandrika: