X

മൂന്ന് ദിവസം കൂടി ശക്തമായ മഴ; നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു

ആലപ്പുഴ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കാരണം സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ആറു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടുണ്ട്ആലപ്പുഴ ,എറണാകുളം ഇടുക്കി,മലപ്പുറം,വയനാട്,കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്. കേരളത്തിനാകെ വ്യാപക മഴയുണ്ടാകും. ഇന്ന് ആലപ്പുഴ, എറണാകുളം ജില്ലകളിലും നാളെ ഇടുക്കി,മലപ്പുറം ജില്ലകളിലേക്കും മഴ വ്യാപിക്കും. 24 മണിക്കൂറില്‍ 15 സെന്റിമീറ്റര്‍ വരെ പ്രതീക്ഷിക്കുന്നതിനാല്‍ മഴ അതിതീവ്രമാകില്ല.

നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു. നേരത്തെ അറിയി പ്രകാരം രാവിലെ പത്തിന് ഒരു ഇഞ്ച് വീതമാണ് തുറന്നത്. കനത്ത മഴ പെയ്താല്‍ അണക്കെട്ട് പെട്ടെന്ന് തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് നടപടി.

അതേസമയം അലപ്പുഴ ജില്ലയിലെ ആറു താലൂക്കുകളിലുമായി മഴക്കെടുതി അനുഭവിക്കുന്നവര്‍ക്കായി 97 ദുരിതാശ്വാസ ക്യാമ്പുകളാണ് രാവിലെ 11നുള്ള റിപ്പോര്‍ട്ട് പ്രകാരം തുറന്നിട്ടുള്ളത്. 17034 അന്തേവാസികളാണ് ഈ ക്യാമ്പുകളിലുള്ളത്. ആകെ 4874 കുടുംബങ്ങളാണ് ദുരിതബാധിതരായി ക്യാമ്പിലെത്തിയിട്ടുള്ളത്. ഇതില്‍ 6331 പുരുഷന്മാരും 7477 സ്ത്രീകളും 3226 കുട്ടികളും ഉള്‍പ്പെടുന്നു.
കുട്ടനാട്, അമ്പലപ്പുഴ, ചെങ്ങന്നൂര്‍ താലൂക്കുകളിലായി 354 കഞ്ഞി വീഴ്ത്തല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. 70652 പേര്‍ക്ക് ഇതു വഴി ഭക്ഷണം എത്തിക്കുന്നുണ്ട്. 16056 കുടുംബങ്ങള്‍ക്ക് ഇത് വഴി പ്രയോജനം ലഭിക്കുന്നു. ഇതില്‍ 61139 മുതിര്‍ന്നവരും 9463 കുട്ടികളുമാണ് കഞ്ഞി വീഴ്ത്തല്‍ കേന്ദ്രങ്ങളില്‍ എത്തുന്നത്.

chandrika: