X

ആള്‍ക്കൂട്ട ആക്രമണഇരകള്‍ക്ക് ഹെല്‍പ്പ് ലൈനുമായി രാജ്യത്തെ സാമൂഹ്യപ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് സഹായം നല്‍കാനൊരുങ്ങി പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകര്‍. ഇരകള്‍ക്ക് നിയമസഹായം ഉള്‍പ്പെടെയുള്ളവ നല്‍കുക എന്നതാണ് യൂണൈറ്റഡ് എഗൈന്‍സ്റ്റ് ഹേറ്റ്(യുഎഎച്ച്) എന്ന സംഘടനയിലൂടെ രാജ്യത്തെ ആക്റ്റിവിസ്റ്റുകള്‍ ലക്ഷ്യമിടുന്നത്. വര്‍ദ്ധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളും ആക്രമണങ്ങളും തടയാന്‍ കേന്ദ്രവും മറ്റു സംസ്ഥാന സര്‍ക്കാരുകളും ശ്രമിക്കാത്തതിനെ തുടര്‍ന്നാണ് ഇത്തരമൊരു സംഘടന നിലവില്‍ വന്നിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ഒരു ടോള്‍ഫ്രീ ഹെല്‍പ്പ് ലൈന്‍ ആരംഭിക്കുകയാണെന്ന് പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകനായ നദീം ഖാന്‍ പറഞ്ഞു. ഹെല്‍പ്പ്‌ലൈന്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും. പശുവിന്റെ പേരിലാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണങ്ങളും കൊലപാതകങ്ങളും നടക്കുന്നത്. രാജ്യത്തെ 100 നഗരങ്ങളിലാണ് ഹെല്‍പ്പ്‌ലൈന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. ആള്‍ക്കൂട്ടആക്രമണങ്ങളില്‍ നിന്നും ന്യൂനപക്ഷങ്ങളേ തടയാന്‍ ശ്രമിക്കും. കൂടാതെ കോടതിയില്‍ നിന്ന് നീതി ലഭിക്കുന്നതിനും നിയമസഹായം നല്‍കി പോരാടുമെന്നും നദീംഖാന്‍ പറഞ്ഞു. ആക്രമണങ്ങള്‍ തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നില്ല. ചില സംഭവങ്ങളില്‍ ഒറ്റപ്പെട്ട പ്രതികരണം മാത്രമായി ഒതുങ്ങുകയാണ്. വക്കീലന്‍മാര്‍, ജേണലിസ്റ്റുകള്‍, പ്രൊഫസര്‍മാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍,മതനേതാക്കന്‍മാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരും ഇത്തരത്തിലുള്ളൊരു സംഘടന അത്യാവശ്യമാണെന്ന് അഭിപ്രായപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് മുസ്ലിംങ്ങള്‍ക്കും ദളിതുകള്‍ക്കും നേരെയാണ് സംഘ്പരിവാര്‍ സംഘടന അനുഭാവികളില്‍ നിന്നുള്ള ആക്രമണങ്ങള്‍ നടക്കുന്നത്. ഇത് വളരെ ദു:ഖകരമായ അവസ്ഥയാണ്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ക്കെതിരെ കണ്ണടക്കാനാവില്ലെന്നും അതിനെതിരെ പൊരുതണമെന്നും ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ അപൂര്‍വ്വാനന്ദ് പറഞ്ഞു.

2014-ല്‍ നരേന്ദ്രമോദി അധികാരത്തിലേറിയതിനു ശേഷമാണ് മുസ്ലിംങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചത്. പശുവിറച്ചി കഴിച്ചെന്ന് ആരോപിച്ചും പശുക്കളെ കടത്തിയെന്ന് ആരോപിച്ചും നിരവധിയാളുകളാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ കൊല്ലപ്പെട്ടത്. ഇത് പൂര്‍ണ്ണമായും മുസ്ലിംങ്ങളും ദളിതുകളുമാണ്. ഈ സാഹചര്യത്തിലാണ് ഹെല്‍പ്പ്‌ലൈന്‍ സേവനങ്ങളുമായി സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്.

chandrika: