X

ഐ.എസ്.എല്‍; ബംഗളൂരുവും ചെന്നൈയും നേര്‍ക്കുനേര്‍

ചെന്നൈ: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ന് പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനക്കാരുടെ പോരാട്ടം. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആതിഥേയരായ ചെന്നൈയിന്‍ എഫ്.സി. പോയിന്റ് പട്ടികയില്‍ ആദ്യ സ്ഥാനക്കാരായ ബെംഗഌരു എഫ്.സിയെ നേരിടും. ബംഗളുരുവിന് 13 മത്സരങ്ങളില്‍ നിന്ന് 27 പോയിന്റും ചെന്നൈക്ക് 12 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റുമുണ്ട്. ഇന്ന് ചെന്നൈയിന്‍ ജയിച്ചാലും ബംഗളുരുവിന്റെ ഒന്നാം സ്ഥാനത്തിനു മാറ്റമുണ്ടാവില്ല.

ദക്ഷിണേന്ത്യന്‍ ഡെര്‍ബി എന്നു വിശേഷിപ്പിച്ച ആദ്യ പാദത്തില്‍ ചെന്നൈയിന്‍ 2-1നു ജയിച്ചിരുന്നു. ചെന്നൈയിന്‍ വിജയം ആവര്‍ത്തിച്ചാല്‍ ബംഗളുരുവിന്റെ ലീഡ് കേവലം ഒരു പോയിന്റ് ആയി കുറയും. എന്നാല്‍ അതെത്ര എളുപ്പമല്ല. തുടര്‍ച്ചയായ മൂന്നു ജയങ്ങളുമായാണ് ബംഗളുരു ചെന്നൈയില്‍ എത്തുന്നത്. കഴിഞ്ഞ മത്സരങ്ങളില്‍ ബംഗളുരു മൂംബൈ സിറ്റിയേയും നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡിനേയും ഒടുവില്‍ കൊല്‍ക്കത്തയെയും തോല്‍പ്പിച്ചിരുന്നു അതേസമയം ചെന്നൈയിന്‍ കഴിഞ്ഞ മുന്ന് മത്സരങ്ങള്‍ എടുത്താല്‍ പൂനെക്കെതിരെ ജയിച്ചു. അതിനുശേഷം എവേ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനോട് തോറ്റു. കൊല്‍ക്കത്തക്കെതിരെ 2-1നു ജയിച്ചു. പ്രതീക്ഷയിലാണ് ചെന്നൈ കോച്ച്. എന്നെ സംബന്ധിച്ചു സീസണ്‍ ആരംഭിക്കുന്നതേ ഉള്ളുു. ഫോര്‍മുല വണ്‍ മത്സരത്തിന്റെ പരിശീലന ഓട്ടം പോലെയാണ് ഇത്. നിലവില്‍ രണ്ടാം സ്ഥാനത്തു നിന്നു ഞങ്ങളുടെ യഥാര്‍ത്ഥ പോരാട്ടം നാളെ ആരംഭിക്കുന്നതേ ഉള്ളു. അടുത്ത 17 ദിവസത്തിനുള്ളില്‍ അഞ്ച് മത്സരങ്ങളാണ് ഞങ്ങളുടെ പക്കലുള്ളത്. അതുകൊണ്ടു തന്നെ പ്ലേ ഓഫിലേക്കുള്ള വിധിയെഴുതുന്നത് വരാനിരിക്കുന്ന മത്സരങ്ങളായിരിക്കും- ചെന്നൈയിന്റെ പരിശീലകന്‍ ജോണ്‍ ഗ്രിഗറി പറഞ്ഞു.

പാരമ്പര്യ വൈരികളായ ബംഗളുരുവിനെതിരായ മത്സരത്തിലേക്കുള്ള ആദ്യ ഇലവനെ നിശ്ചയിക്കുന്നതു സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ച ജോണ്‍ ഗ്രിഗറി തന്റെ മുന്നിലുള്ള മുഴുവന്‍ ടീം അംഗങ്ങളില്‍ നിന്നും മത്സരത്തിനു മുമ്പ് മാത്രമായിരിക്കും ആരെ എല്ലാം ഉള്‍പ്പെടുത്തണമെന്ന കാര്യം തീരുമാനിക്കുയുള്ളുവെന്നു വ്യക്തമാക്കി. നിര്‍ണായക മത്സരത്തിനു വേണ്ടി എല്ലാവരും ഒരുങ്ങിക്കഴിഞ്ഞു. മത്സരത്തിനുവേണ്ടി എല്ലാവരും പൂര്‍ണമായും തയ്യാറാണ്. അതേ പോലെ ആരോഗ്യ പ്രശ്‌നങ്ങളും ഒന്നുമില്ല. മികച്ച മെഡിക്കല്‍ സ്റ്റാഫ് ഒപ്പമുള്ളതിനാല്‍ കളിക്കാര്‍ക്ക് നല്ല പരിചരണം ലഭിക്കുന്നുണ്ട്- ഗ്രിഗറി തുടര്‍ന്നു. ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യപാദത്തില്‍ ചെന്നൈയിനോട് എറ്റ തോല്‍വി രണ്ടാം പാദത്തില്‍ തന്റെ ടീമിനെ യാതൊരു വിധത്തിലും ബാധിക്കില്ലെന്നു ബംഗളുരു എഫ്.സി പരിശീലകന്‍ ആല്‍ബര്‍ട്ട് റോക്ക പറഞ്ഞു.

അതൊരിക്കലും മനസില്‍ വെച്ചു കൊണ്ടായിരിക്കുകയില്ല കളിക്കാനിറങ്ങുക. ചെന്നൈയിനോടുള്ള തോല്‍വി അത്രമാത്രം ആഘാതം സൃഷ്ടിച്ചിരുന്നില്ല. സ്പഷ്ടമായി പറഞ്ഞാല്‍ എല്ലാ മത്സരങ്ങളും ജയിക്കാനാണ് ആഗ്രഹിക്കുന്നത്. വിരോചിതമായി പോരാടി മൂന്നു പോയിന്റ് സ്വന്തമാക്കുകയാണ് ലക്ഷ്യം-റോക്ക വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.നവാഗതരായ ബംഗളുരു എഫ്.സിയെ സംബന്ധിച്ചു ഈ ആദ്യ സീസണ്‍ അവര്‍ ശരിക്കും ആസ്വദിച്ചു തന്നെയാണ് കളിക്കുന്നത്. പൂതിയ ലീഗില്‍ കളിക്കേണ്ട രീതികള്‍ എല്ലാം റോക്കയുടെ കുട്ടികള്‍ വളരെ എളുപ്പം തന്നെ പഠിച്ചു അതെല്ലാം നടപ്പാക്കി. ടീമിന്റെ ഈ വിജയങ്ങളുടെ എല്ലാം പിന്നില്‍ ഈ സ്പാനീഷ് പരിശിലകന്റെ തന്ത്രങ്ങളാണ്. എന്നാല്‍ ടീമിന്റെ നിലവിലെ മികച്ച പ്രകടനത്തില്‍ അദ്ദേഹം അമിത ആഹ്ലാദം പ്രകടിപ്പിക്കുന്നില്ല. അതിന്റെ സമയം ആയിട്ടില്ലെന്നു അദ്ദേഹം വിശ്വസിക്കുന്നു. ഇതുവരെ അവസാനം ആയിട്ടില്ല,ആദ്യമായി ഞങ്ങളുടെ മത്സരങ്ങള്‍ എല്ലാം പൂര്‍ത്തിയകട്ടെ, അതിനുശേഷം നമുക്ക് ഇതേക്കുറിച്ച് അല്‍പ്പം സംസാരിക്കാം. അതേപോലെ ഇനി പ്ലേ ഓഫിലേക്കും പ്രവേശിക്കേണ്ടതുണ്ട് .നിലവില്‍ ആറ് ടീമുകളാണ് ആദ്യ നാല് സ്ഥാനങ്ങളിലേക്കുള്ള പോരാട്ടത്തില്‍ രംഗത്തുള്ളത്. അതുകൊണ്ടു തന്നെ ആദ്യ കടമ്പ ആദ്യ നാല് ടീമുകളില്‍ ഒന്നാകുക എന്നതാണ്. ഇന്ന് മൂന്നു പോയിന്റ് ലഭിച്ചാല്‍ ഈ ലക്ഷ്യത്തിനു വളരെ അടുത്തെത്തും- ആല്‍ബര്‍ട്ട് റോക്ക പറഞ്ഞു.

chandrika: