X

ട്രംപ് റഷ്യയുടെ കളിപ്പാവയെന്ന് ഹിലരി; ഇസ്‌ലാമികവിരുദ്ധതയുമായി വീണ്ടും ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ കളിപ്പാവയാണെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ്‍. യു.എസ് സൈന്യത്തെയും രഹസ്യാന്വേഷണ വിദഗ്ധരെയും പരിഗണിക്കാതെ പുടിനോടാണ് ട്രംപ് ആഭിമുഖ്യം പുലര്‍ത്തുന്നതെന്ന് ഹിലരി വാദിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അവസാന സ്ഥാനാര്‍ത്ഥി സംവാദത്തിലാണ് ഹിലരിയുടെ ട്രംപിനെതിരെ വീണ്ടും ആഞ്ഞടിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തലയിടാന്‍ റഷ്യ ശ്രമിക്കുന്നുവെന്ന രാജ്യത്തിന്റെ ഔദ്യോഗിക നിലപാട് സ്വീകരിക്കാന്‍ ട്രംപ് വിസമ്മതിച്ചാണ് ആരോപണത്തിനു കാരണം. അതേസമയം അവസാനവട്ട സംവാദത്തിലും ഇസ്‌ലാമിക വിരുദ്ധത ഉയര്‍ത്തിക്കാട്ടി ട്രംപ് വീണ്ടും വിവാദത്തിലായി. രാജ്യത്ത് ഇസ്‌ലാമിക തീവ്രവാദം അനുവദിക്കില്ലെന്ന് പറഞ്ഞ ട്രംപ്, റഷ്യന്‍ പ്രസിഡന്റിന്റെ പാവയാണെന്ന് ഹിലരിയുടെ ആരോപണം തള്ളി.


സ്ത്രീകളോട് മോശമായി പെരുമാറുന്ന ട്രംപ് ലോകത്തെ ഏറ്റവും വലിയ ശക്തിയായ അമേരിക്കയുടെ പ്രസിഡന്റാകാന്‍ യോഗ്യനല്ലെന്ന് ഹിലരി പറഞ്ഞു. എന്നാല്‍ ആരോപണം കെട്ടിചമച്ചതാണെന്നും ഹിലരി പ്രസിഡന്റായാല്‍ രാജ്യത്തിന്റെ ഭാവി അവതാളത്തിലാകുമെന്നും ട്രംപ് പ്രതികരിച്ചു. സാമ്പത്തിക രംഗത്ത് അമേരിക്ക നേരിട്ട തിരിച്ചടികള്‍ ചൂണ്ടിക്കാട്ടിയ അദ്ദേഹം ഹിലരിയെയും ഡെമോക്രാറ്റിക് പാര്‍ട്ടിയെയും രൂക്ഷമായി വിമര്‍ശിച്ചു. അതേസമയം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ അദ്ദേഹം പിന്തുണച്ചു. ഇന്ത്യ എട്ടു ശതമാനം വളര്‍ച്ച കൈവരിച്ചതായി പറഞ്ഞു യു.എസിന്റെ സാമ്പത്തിക നയങ്ങളെ എതിര്‍ത്തു. ഇന്ത്യ കൈവരിച്ച നേട്ടം പോലും നേടാന്‍ അമേരിക്കക്കായില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി.

Web Desk: