X

മുപ്പത് മാസത്തിനിടെ കാണാതായത് 4421 കുട്ടികളെ

തിരുവനന്തപുരം: ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് 18 വയസിന് താഴെ പ്രായമുള്ള 4421 കുട്ടികളെ കാണാതായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ഇതില്‍ 2218 പെണ്‍കുട്ടികളും 2203 ആണ്‍കുട്ടികളുമുണ്ട്. ഇതു സംബന്ധിച്ച് 3274 കേസുകള്‍ രജിസ്റ്ററര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 3201 കേസുകളില്‍ ആളെ കണ്ടെത്തിയിട്ടുണ്ട്.
കൊച്ചി മെട്രോക്ക് ഇതുവരെ 105. 76 കോടി രൂപ വരുമാനം ലഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ടിക്കറ്റ് ഇതര വരുമാനം 49. 85കോടി രൂപയും ടിക്കറ്റ് വില്പനയിലൂടെയുള്ള വരുമാനം 55. 91കോടി രൂപയുമാണെന്ന് വി.കെ ഇബ്രാഹിം കുഞ്ഞിനെ മുഖ്യമന്ത്രി അറിയിച്ചു.
പെന്‍ഷന്‍ പ്രായം ഏകീകരണം, പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കല്‍ എന്നിവ പരിഗണനയില്‍ ഇല്ലെന്ന് പാറക്കല്‍ അബ്ദുള്ള, എം. ഉമ്മര്‍, ടി.എ അഹമ്മദ് കബീര്‍, ടി.എ അഹമ്മദ് കബീര്‍, എന്‍. ഷംസുദ്ധീന്‍ എന്നിവരെ മന്ത്രി തോമസ് ഐസക് അറിയിച്ചു.
പ്രളയ കൊടുതിയുടെ പശ്ചാത്തലത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തിന്റെ 20 ശതമാനം വെട്ടിക്കുറക്കുന്നതിന് എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് റോഷി അഗസ്റ്റിന്‍, പി.ജെ ജോസഫ് എന്നിവരെ മന്ത്രി അറിയിച്ചു.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ സെപ്റ്റംബര്‍ 30 വരെയുള്ള കണക്കു അനുസരിച്ചു 40,009. 48കോടി രൂപ റവന്യൂ വരുമാനം ലഭിച്ചിട്ടുണ്ടെന്ന് എന്‍ ഷംസുദീനെ മന്ത്രി അറിയിച്ചു. കാരുണ്യ ബനവലന്റ് പദ്ധതി പ്രകാരം വ്യക്ക രോഗികള്‍ക്ക് 3 ലക്ഷം രൂപ വരെ നല്‍കാന്‍ കഴിയും.
നിലവില്‍ ഡയാലിസ് രോഗികള്‍ക്ക് കാരുണ്യ ബനവന്റ് പദ്ധതി പ്രകാരം അനുവദിക്കുന്ന തുക പരിമിതമാണെന്ന കാര്യം കാരുണ്യ ബനവലന്റ് ഫണ്ടിന്റെ പാക്കേജ് റിവിഷന്‍ കമ്മിറ്റി പരിശോധിച്ച് വരികയാണ്.

chandrika: