X
    Categories: indiaNews

ഹിമാചല്‍ നാളെ ബൂത്തിലേക്ക്

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നാളെയാണ് വോട്ടെടുപ്പ്. ഒരു മാസത്തോളം നീണ്ട ആവേശകരമായ പ്രചാരണത്തിന്റെ എല്ലാ ഊര്‍ജ്ജവും ആവാഹിച്ചായിരുന്നു കൊട്ടിക്കലാശം. ബി.ജെ.പിക്കു വേണ്ടി ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ പ്രസിഡന്റ് ജെ.പി നദ്ദയും കോണ്‍ഗ്രസിനു വേണ്ടി പ്രിയങ്കാ ഗാന്ധിയും അവസാന നിമിഷം വരെ കളം നിറഞ്ഞ തിരഞ്ഞെടുപ്പ് കാമ്പയിനില്‍ പതിവിലും കവിഞ്ഞ വീറും വാശിയുമാണ് പ്രകടമാകുന്നത്. പ്രിയങ്കയുടെ സാധാരണയില്‍ കവഞ്ഞ സാന്നിധ്യം ഇത്തവണ കോണ്‍ഗ്രസിന് നേട്ടമാകുമെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന എ.ബി.പി – സി വോട്ടര്‍ സര്‍വേ ഫലം സൂചിപ്പിച്ചിരുന്നു.

ഭാരത് ജോഡോ യാത്രയിലുള്ള രാഹുല്‍ ഗാന്ധിയുടെ പ്രചാരണ രംഗത്തെ അഭാവം നികത്തിയത് പ്രിയങ്കയുടെ സാന്നിധ്യമായിരുന്നു. ഇന്നലെ വൈകീട്ട് അഞ്ച് മണിക്കാണ് പരസ്യ പ്രചാരണം സമാപിച്ചത്. ഇതിന് ഒരു മണിക്കൂര്‍ മുമ്പു വരെ പ്രിയങ്ക ഹിമാചല്‍ ക്യാമ്പയിനില്‍ സജീവമായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രാചരണത്തിലാണ് ഇനിയുള്ള മണിക്കൂറുകള്‍ ഇരു കക്ഷികളും ശ്രദ്ധയൂന്നുന്നത്. ഇതിനായി ഇരുപക്ഷവും പ്രത്യേക വീഡിയോ ക്യാമ്പയിന് തുടക്കം കുറിച്ചിട്ടുണ്ട്. ഇത്തവണ പതിവു തെറ്റും, ബി.ജെ.പി അധികാരത്തില്‍ വരും എന്ന തലക്കെട്ടോടെ ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ബി.ജെ.പി പുറത്തിറക്കിയത്. ബി.ജെ.പിയും കോണ്‍ഗ്രസും മാറി മാറി അധികാരത്തില്‍ വരുന്ന പതിവ് ഇത്തവണ മാറും എന്നാണ് വീഡിയോ പ്രധാനമായും അവകാശപ്പെടുന്നത്.

അതേസമയം ബി.ജെ.പിയുടെ പാലിക്കപ്പെടാതെ പോയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എണ്ണിപ്പറഞ്ഞു കൊണ്ടുള്ള വീഡിയോ ക്യാമ്പയിനുമായി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. തുടക്കം മുതല്‍ ദേശീയ വിഷയങ്ങളില്‍ കേന്ദ്രീകരിച്ചാണ് ബി.ജെ.പി പ്രചാരണത്തിന് ചരടു വലിച്ചത്. അതേസമയം പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം, സാമ്പത്തിക തകര്‍ച്ച, കാര്‍ഷിക തകര്‍ച്ച, തൊഴിലില്ലായ്മ അടക്കമുള്ള വിഷയങ്ങളിലാണ് കോണ്‍ഗ്രസ് ശ്രദ്ധയൂന്നിയത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് കൂടി പൂര്‍ത്തിയായ ശേഷം ഡിസംബര്‍ എട്ടിനു മാത്രമേ ഹിമാചലിന്റെ ഫലം പുറത്തുവരൂ. വോട്ടു പെട്ടിയിലായാലും ഒരു മാസം കാത്തിരിക്കണമെന്ന് ചുരുക്കം.

web desk 3: