X
    Categories: indiaNews

താജ്മഹലില്‍ ഗംഗാജലം തളിച്ചു; കാവിക്കൊടി ഉയര്‍ത്തി-താജ്മഹല്‍ പണിതത് ശിവക്ഷേത്രത്തിന് മുകളിലെന്ന് ഹിന്ദുത്വവാദികള്‍

ആഗ്ര: ബാബരി മസ്ജിദ്, മഥുര ഷാഹി മസ്ജിദ് തുടങ്ങിയ പള്ളികള്‍ക്ക് മേല്‍ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ താജ്മഹലിനും അവകാശവാദവുമായി ഹിന്ദുത്വ തീവ്രവാദികള്‍. ഞായറാഴ്ച താജ്മഹലിന് സമീപമെത്തിയ ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ അവിടെ കാവിക്കൊടി ഉയര്‍ത്തുകയും താജ്മഹലിന് മേല്‍ ഗംഗാജലം തളിക്കുകയും ചെയ്തു. അവിടെയുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തകരെ കേസെടുക്കാതെ വിട്ടയച്ചു.

ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ പ്രവര്‍ത്തകരായ ഗൗരവ് താക്കൂര്‍, മാനവേന്ദ്ര സിങ്, വിശേഷ് എന്നിവരാണ് താജ്മഹലിന് സമീപം കാവിക്കൊടി ഉയര്‍ത്തിയത്. ഉച്ചക്ക് 12 മണിയോടെ ടിക്കറ്റെടുത്ത് കിഴക്കേ ഗേറ്റ് വഴി താജ്മഹല്‍ കോമ്പൗണ്ടില്‍ പ്രവേശിച്ച ഇവര്‍ പോക്കറ്റില്‍ നിന്ന് കാവിക്കൊടിയെടുത്ത് വീശുകയായിരുന്നു.

ഇവരെ തടഞ്ഞ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയി പേരു വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം വിട്ടയക്കുകയായിരുന്നു. തങ്ങള്‍ വന്നത് തേജോ മഹാലായ എന്ന ക്ഷേത്രത്തിലേക്കാണെന്നും ഇവിടെ പൂജ നടത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ പിന്നീട് പറഞ്ഞു. താജ്മഹല്‍ പണിതത് ശിവക്ഷേത്രത്തിന് മുകളിലാണെന്നും ഇവര്‍ അവകാശപ്പെട്ടു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മുതിര്‍ന്ന സംഘപരിവാര്‍ നേതാക്കള്‍ തന്നെ താജ്മഹലിന് മേല്‍ അവകാശവാദമുന്നയിച്ചിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: