X
    Categories: CultureViews

ഹിന്ദു ഭീകരവാദം ഉണ്ട്; അക്രമമാണ് അവരുടെ ജോലി: കമല്‍ ഹാസന്‍

ചെന്നൈ: രാജ്യത്ത് ഹിന്ദു ഭീകരവാദമുണ്ടെന്നും ഇക്കാലത്ത് അത് അക്രമങ്ങളില്‍ മാത്രമാണ് ഏര്‍പ്പെടുന്നതെന്നും തമിഴ് സൂപ്പര്‍ താരം കമല്‍ ഹാസന്‍. ‘ആനന്ദ വികടനി’ലെ തന്റെ പ്രതിവാര പംക്തിയിലാണ് കമല്‍ ഹാസന്‍ സംഘ് പരിവാര്‍ നേതൃത്വം നല്‍കുന്ന ഹിന്ദുത്വ തീവ്രവാദത്തിനെതിരെ ആഞ്ഞടിച്ചത്.

‘മുമ്പ് ഹിന്ദു വലതുപക്ഷം മറ്റു മത വിഭാഗങ്ങളുമായി ബുദ്ധിപരമായ സംവാദങ്ങളില്‍ മാത്രമാണ് ഏര്‍പ്പെട്ടിരുന്നത്. ഈ സമീപനം പരാജയപ്പെട്ടു തുടങ്ങിയപ്പോള്‍ അവര്‍ കായിക ശക്തി ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. അവരും അക്രമങ്ങളില്‍ ഏര്‍പ്പെടാന്‍ തുടങ്ങി. ഞങ്ങളില്‍ തീവ്രവാദികള്‍ എവിടെ എന്ന് മറ്റുള്ളവരോട് ചോദിക്കാന്‍ കഴിയാത്ത വിധം ഹിന്ദുക്കള്‍ക്കിടയിലും തീവ്രവാദം വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.’ – കമല്‍ കുറിച്ചു.

തമിഴ്‌നാട്ടിലെ പല ഹിന്ദു ഉത്സവങ്ങളും വീട്ടകങ്ങളില്‍ നിന്ന് തെരുവിലേക്ക് കൊണ്ടുവന്നത് ഇത്തരം തീവ്രവാദികളാണെന്നും അതിനു വേണ്ടി മസില്‍ പവര്‍ ആണ് ഉപയോഗിച്ചതെന്നും കമല്‍ എഴുതുന്നു. മുമ്പ് വീട്ടിനുള്ളില്‍ ചെറിയ കളിമണ്‍ ശില്‍പങ്ങളുണ്ടാക്കിയാണ് തമിഴ് ജനത ഗണേശ ചതുര്‍ത്ഥി ആഘോഷിച്ചിരുന്നത്. മുംബൈ മാതൃകയില്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ ഗണപതിയെ ഉണ്ടാക്കി തെരുവിലിറക്കി നിമജ്ജനം ചെയ്യുന്ന ആഘോഷം മൂന്നു പതിറ്റാണ്ടായി തമിഴ്‌നാട്ടില്‍ ഉണ്ട്. ഇതിനു പിന്നില്‍ വലതുപക്ഷമാണ്. – കമല്‍ എഴുതുന്നു.

കമല്‍ ഹാസന്റെ അഭിപ്രായ പ്രകടനത്തിനെതിരെ ബി.ജെ.പി വക്താവ് എസ്.ആര്‍ ശേഖര്‍ രംഗത്തെത്തി. ഹിന്ദു തീവ്രവാദം എന്നത് നിലനില്‍ക്കുന്നതല്ലെന്നും കമലിന്റേത് പ്രശസ്തി പിടിച്ചുപറ്റാനുള്ള ശ്രമം മാത്രമാണെന്നും ശേഖര്‍ പറഞ്ഞു. തമിഴ് സിനിമാ ലോകത്തെ ജാതീയത ഇപ്പോള്‍ പരസ്യമായി ചര്‍ച്ച ചെയ്യാന്‍ തുടങ്ങി എന്ന കമല്‍ ഹാസന്റെ വാക്കുകള്‍, ജാതിരഹിത സമൂഹം സൃഷ്ടിക്കുന്നതിനുള്ള ദ്രവീഡിയന്‍ നീക്കങ്ങളുടെ പരാജയമാണെന്നും ശേഖര്‍ പറഞ്ഞു.

രണ്ടാഴ്ച മുമ്പ്, ‘ആനന്ദ വികടനി’ലെ തന്റെ കോളത്തില്‍ നരേന്ദ്ര മോദിയുടെ നോട്ട് നിരോധനത്തെ പിന്തുണച്ചതിന് കമല്‍ ജനങ്ങളോട് മാപ്പ് ചോദിച്ചിരുന്നു. രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ച കമല്‍ ഹാസന്‍, ബി.ജെ.പി പ്രതിനിധാനം ചെയ്യുന്ന തീവ്ര വലതുപക്ഷത്തിനൊപ്പമായിരിക്കില്ല എന്ന് സൂചിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ഈ നിലപാടുകള്‍.

ചന്ദ്രിക വെബ് ഡെസ്‌ക്‌: