X
    Categories: CultureViews

‘എനിക്ക് ക്ഷേത്രത്തില്‍ പോകാന്‍ പാടില്ലേ?’ – ബി.ജെ.പിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രാഹുല്‍

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ സമീപനമാണ് പുലര്‍ത്തുന്നതെന്ന ബി.ജെ.പി ആരോപണത്തിനെതിരെ ശക്തമായി പ്രതികരണവുമായി രാഹുല്‍ ഗാന്ധി. ‘എന്താ എനിക്ക് ക്ഷേത്രം സന്ദര്‍ശിക്കാന്‍ പാടില്ലേ?’ എന്നായിരുന്നു ഇതു സംബന്ധിച്ച് ചോദ്യമുയര്‍ത്തിയ ഒരു മാധ്യമ പ്രവര്‍ത്തകനോടുള്ള രാഹുലിന്റെ മറുപടി. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധി പ്രസിദ്ധമായ ദ്വാരകാധീഷ്, ചോട്ടില തുടങ്ങിയ നിരവധി ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

രാഹുലിന്റെ ക്ഷേത്ര സന്ദര്‍ശനം ഹിന്ദു വോട്ടുകള്‍ സ്വന്തമാക്കാനുള്ള തന്ത്രമാണെന്നും ആത്മാര്‍ത്ഥമല്ലെന്നും ബി.ജെ.പി ആരോപിച്ചിരുന്നു. ‘രാഹുല്‍ ഗാന്ധി അവസാനം ദൈവത്തിന്റെ വാതില്‍ മുട്ടുന്നതു കാണുമ്പോള്‍ സന്തോഷമുണ്ട്’ – എന്നാണ് ബി.ജെ.പി നേതാവ് ജയ്‌നാരായണ്‍ വ്യാസ് പരിഹസിച്ചത്. രാഹുലിന്റെ ക്ഷേത്ര സന്ദര്‍ശം വോട്ടര്‍മാരെ പിടിക്കാനാണെന്നും അക്കാര്യം ജനങ്ങള്‍ തിരിച്ചറിയുമെന്നും വ്യാസ് കുറ്റപ്പെടുത്തി.

ക്ഷേത്രങ്ങളും മുസ്‌ലിം ഭൂരിപക്ഷ മേഖലകളില്‍ പള്ളികളും സന്ദര്‍ശിക്കുന്നുണ്ടെങ്കിലും രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തില്‍ മതം കടന്നു വരാറില്ല. നരേന്ദ്ര മോദിയുടെ തെറ്റായ നയങ്ങള്‍ കാരണം രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ തകര്‍ന്നുവെന്നും ഗുജറാത്തിലെ വ്യവസായി സമൂഹം നേരിടുന്ന നഷ്ടങ്ങള്‍ക്കും തിരിച്ചടികള്‍ക്കും കാരണം ജി.എസ്.ടിയും നോട്ട് നിരോധനവുമാണെന്നും നിരവധി വേദികളില്‍ രാഹുല്‍ പറഞ്ഞു. ഹിന്ദു, മുസ്ലിം ഭേദമന്യേ ആയിരക്കണക്കിനാളുകളാണ് അദ്ദേഹത്തിന്റെ പ്രസംഗം നേരില്‍ കേള്‍ക്കാനെത്തുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: