X

‘ഞങ്ങള്‍ കോണ്‍ഗ്രസ്സിനൊപ്പം ഉണ്ടാവും’; അനിശ്ചിതത്വം നീക്കി ഹര്‍ദ്ദിക് പട്ടേലിന്റെ പ്രഖ്യാപനം

അഹമ്മദാബാദ്: ഗുജറാത്തില്‍ ഡിസംബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് പട്ടേല്‍ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍. ബി.ജെ.പിയെ അധികാരത്തില്‍ നിന്നിറക്കാന്‍ തന്റെ അനുയായികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹര്‍ദ്ദിക് പട്ടേല്‍ പറഞ്ഞു. ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹര്‍ദ്ദികിന്റെ പരാമര്‍ശം.

ബി.ജെ.പിയുടെ വീഴ്ച്ച തന്നെയാണ് പട്ടേല്‍ വിഭാഗക്കാര്‍ ആഗ്രഹിക്കുന്നത്. ബി.ജെ.പി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നിറക്കാന്‍ താന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹര്‍ദ്ദിക് പറഞ്ഞു. കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കാന്‍ തയ്യാറല്ലെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ക്കും ഹര്‍ദ്ദിക് മറുപടി പറഞ്ഞു. ജനങ്ങള്‍ ബുദ്ധിയുള്ളവരാണ്. ബി.ജെ.പിയെ താഴെയിറക്കണമെന്ന് പറഞ്ഞാല്‍ തന്നെ അവര്‍ക്ക് ആര്‍ക്ക് വോട്ട് ചെയ്യണമെന്നത് മനസ്സിലാക്കാന്‍ കഴിയും. കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കില്ലെന്ന പ്രചാരണത്തിന് പിന്നിലുള്ളവര്‍ യഥാര്‍ത്ഥ പട്ടേലുകാരല്ലെന്നും അവര്‍ ബി.ജെ.പിയെ താങ്ങിനില്‍ക്കുന്നവരാണെന്നും ഹര്‍ദ്ദിക് കൂട്ടിച്ചേര്‍ത്തു. പട്ടേല്‍ സമുദായത്തിന് സംവരണം വേണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് വ്യക്തമായ നിലപാട് ഇതുവരേയും കൈക്കൊണ്ടിട്ടില്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിനൊപ്പം വിശാലസഖ്യത്തിന് ഹര്‍ട്ടിക് പട്ടേല്‍ തയ്യാറാവില്ലെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ബി.ജെ.പി സര്‍ക്കാരിനെ താഴെയിറക്കാന്‍ വോട്ടു ചെയ്യണമെന്ന് തന്റെ അനുയായികളോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഹര്‍ദ്ദിക് തന്നെ വെളിപ്പെടുത്തുകയായിരുന്നു.

സംസ്ഥാനത്ത് 12 ശതമാനത്തോളം വരുന്ന പട്ടീദാര്‍ സമുദായം പരമ്പരാഗതമായി ബി.ജെ.പിക്കൊപ്പം നില്‍ക്കുന്ന വോട്ടു ബാങ്കാണ്. വിദ്യാഭ്യാസം, ജോലി എന്നിവയില്‍ 27 ശതമാനം സംവരണമാണ് ഗുജറാത്തില്‍ ഒ.ബി.സി വിഭാഗങ്ങള്‍ക്ക് നല്‍കുന്നത്. എസ്.സി വിഭാഗത്തിന് ഏഴ് ശതമാനവും എസ്.ടി വിഭാഗത്തിന് 15 ശതമാനവും സംവരണമുണ്ട്. ഡിസംബര്‍ 9,4തിയ്യതികളില്‍ രണ്ടു ഘട്ടങ്ങളിലായാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 182 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഡിസംബര്‍ 18ന് പുറത്തുവരും.

chandrika: