X

ഭാര്യയെ അര്‍ദ്ധനഗ്നയാക്കി 120 പേര്‍ ചേര്‍ന്ന് മര്‍ദിച്ചു; ആരോപണവുമായി സൈനികര്‍

ഒരു സംഘം ആളുകൾ തന്റെ ഭാര്യയെ അർദ്ധനഗ്നയാക്കി ക്രൂരമായി മർദ്ദിച്ചുവെന്ന് സൈനികൻ്റെ പരാതി. നൂറ്റിയിരുപതോളം പേർ ചേർന്ന് ഭാര്യയെ മർദ്ദിച്ചുവെന്നാണ് സൈനികൻ്റെ ആരോപണം. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലാണ് സംഭവം. എന്നാൽ ആരോപണം ഊതിപ്പെരുപ്പിച്ചതാണെന്നാണ് പൊലീസ് വാദം.

വിരമിച്ച ആര്‍മി ഓഫീസര്‍ ലഫ്റ്റനന്റ് കേണല്‍ എന്‍ ത്യാഗരാജരാണ് സൈനികന്‍ ഹവില്‍ദാര്‍ പ്രഭാകരന്റെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടിലെ പടവേടു ഗ്രാമത്തിൽ നിന്നുള്ള പ്രഭാകരൻ നിലവിൽ കശ്മീരിലാണ്. “എന്റെ ഭാര്യ പാട്ടത്തിന് ഒരു കട നടത്തുന്നുണ്ട്. കടയിലേക്ക് ജനക്കൂട്ടം അതിക്രമിച്ച് കയറുകയും 120 പേർ ചേർന്ന് ഭാര്യയെ മർദിക്കുകയും കടയിലെ സാധനങ്ങൾ വലിച്ചെറിയുകയും ചെയ്തു. അവർ എന്റെ കുടുംബത്തെ കത്തികാട്ടി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്റെ ഭാര്യയെ അർദ്ധനഗ്നയാക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു” – വീഡിയോയിൽ സൈനിൻ പറയുന്നു.

എസ്പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും നടപടിയെടുക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ടെന്നും പ്രഭാകരൻ പറഞ്ഞു. എന്നാൽ സംഭവത്തിൽ കാണ്ഡവാസല്‍ പൊലീസ് പ്രാഥമികാന്വേഷണം നടത്തുകയും ആരോപണം ഊതിപ്പെരുപ്പിച്ചതാണെന്നും ആരോപിച്ചു. രേണുഗാംബാള്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിര്‍മിച്ച കട പ്രഭാകരന്റെ ഭാര്യാപിതാവ് സെല്‍വമൂര്‍ത്തിക്ക് 9.5 ലക്ഷം രൂപയ്ക്ക് കുമാര്‍ എന്നയാള്‍ അഞ്ച് വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയിരുന്നതാണെന്നാണ് പൊലീസ് പറയുന്നത്. കുമാര്‍ മരിച്ചതിന് ശേഷം മകന്‍ രാമു കട തിരികെ നല്‍കണമെന്ന് ആവശ്യപ്പെടുകയും പണം തിരികെ നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് ഫെബ്രുവരി 10 ന് ഇതുസംബന്ധിച്ച കരാര്‍ ഒപ്പിട്ടു. എന്നാല്‍ പണം വാങ്ങിയത് സെല്‍വമൂര്‍ത്തി നിഷേധിച്ചുവെന്നും കടയില്‍ ഒഴിയാന്‍ വിസമ്മതിച്ചെന്നുമാണ് രാമു പറയുന്നത്.

ജൂണ്‍ 10 ന് പണം നല്‍കാനായി കടയിലെത്തിയ രാമുവിനെ സെല്‍വമൂര്‍ത്തിയുടെ മക്കളായ ജീവയും ഉദയ്‌യും ആക്രമിക്കുകയായിരുന്നു. രാമുവിന്റെ തലയില്‍ ജീവ കത്തികൊണ്ട് മുറിവേല്‍പ്പിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. രാമുവിന്റെ തലയില്‍ ജീവ കത്തികൊണ്ട് മുറിവേല്‍പ്പിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. വാക്കേറ്റം കണ്ട് സമീപത്തുണ്ടായിരുന്ന ജനങ്ങള്‍ രാമുവിന് പിന്തുണയുമായി എത്തുകയും കടയിലെ സാധനങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രഭാകരന്റെ ഭാര്യ കീര്‍ത്തിയും അമ്മയും കടയില്‍ ഉണ്ടായിരുന്നെങ്കിലും ജനക്കൂട്ടം അവരെ മര്‍ദ്ദിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.

 

webdesk13: