X

കാരുണ്യ ഉള്‍പ്പെടെ എല്ലാ ആരോഗ്യരക്ഷാ പദ്ധതികളും നിര്‍ത്തുമെന്ന് സ്വകാര്യ ആസ്പത്രികള്‍

സ്വന്തം ലേഖകന്‍

കൊച്ചി:കാരുണ്യ, ഇ.എസ്.ഐ, ആരോഗ്യ ഇന്‍ഷുറന്‍സ് പോലുള്ള സര്‍ക്കാര്‍ പദ്ധതികള്‍ വഴി നല്‍കിവരുന്ന എല്ലാ ചികിത്സാ ആനുകൂല്യങ്ങളും മാര്‍ച്ച് 31 മുതല്‍ നിര്‍ത്തലാക്കുമെന്ന് സ്വകാര്യ ആസ്പത്രികള്‍. 100 കോടിയോളം രൂപയാണ് ചികിത്സാ ആനുകൂല്യം നല്‍കിയ വഴിയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യ ആസ്പത്രികള്‍ക്ക് നല്‍കാനുള്ളത്. കുടിശ്ശിക നിവാരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചക്കു പോലും സന്നദ്ധമാകാത്ത പശ്ചാത്തലത്തിലാണ് ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനമെന്ന് ആസ്പത്രി മാനേജ്‌മെന്റുകള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
നിഷേധാത്മക നയമാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. വിഷയങ്ങള്‍ ഉന്നയിച്ച് ഒരു മാസം മുമ്പ് സര്‍ക്കാറിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ചര്‍ച്ചക്കു പോലും വിളിച്ചിട്ടില്ലെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ കൊച്ചിയില്‍ പറഞ്ഞു. കേരളത്തില്‍ 1500 സ്വകാര്യ ആസ്പത്രികളുണ്ട്. ഇതില്‍ 960 ആസ്പത്രികള്‍ അംഗമായ കെ.പി.എച്ച്.എ ആണ് സര്‍ക്കാര്‍ പദ്ധതികള്‍ തങ്ങളുടെ ആസ്പത്രികളില്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. ആരോഗ്യ ഇന്‍ഷുറന്‍സ്, കാരുണ്യ സ്‌നേഹ സ്പര്‍ശം, ഇ.സി.എച്ച്.എസ്, ഇ.എസ്.ഐ, ആര്‍.എസ്.ബി.വൈ തുടങ്ങിയ ആരോഗ്യ ക്ഷേമ സുരക്ഷാ പദ്ധതികള്‍ യാതൊരു ലാഭേഛയും കൂടാതെയാണ് സ്വകാര്യ ആസ്പത്രികള്‍ ഏറ്റെടുത്ത് നടത്തുന്നത്. ഈ ഇനത്തില്‍ സംസ്ഥന സര്‍ക്കാര്‍ ഭീമമായ തുകയാണ് കുടിശികയായി നല്‍കാനുള്ളത്.
സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികില്‍സക്ക് എത്തേണ്ട രോഗികളെയാണ് ചുരുങ്ങിയ ഫീസ് വാങ്ങി സ്വകാര്യ ആസ്പത്രികള്‍ സാമൂഹ്യ പ്രതിബദ്ധത കണക്കിലെടുത്ത് ചികിത്സ നല്‍കുന്നത്. സാധാരണയേക്കാള്‍ 40 ശതമാനം വരെ കുറഞ്ഞ പാക്കേജിലാണ് ആരോഗ്യ സുരക്ഷാ പദ്ധതികള്‍ പ്രകാരം ചികില്‍സ നല്‍കുന്നത്. കേരളത്തിലെ 70 ശതമാനം ആരോഗ്യ പരിപാലന സേവനവും സ്വകാര്യ ആസ്പത്രികളാണ് നിര്‍വഹിക്കുന്നത്. എല്ലാ സംഘടനകളും ഇക്കാര്യത്തില്‍ അഭിപ്രായ ഐക്യത്തിലാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം 80 ഓളം ആസ്പത്രികള്‍ അടച്ചു പൂട്ടിയതായി കെ.പി.എച്ച്.എ ജനറല്‍ സെക്രട്ടറി അഡ്വ. ഹുസൈന്‍ കോയതങ്ങള്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫര്‍ഹാന്‍ യാസിം എന്നിവര്‍ പറഞ്ഞു. നിരവധി ആസ്പത്രികള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. പല കോര്‍പ്പറേറ്റ് ആസ്പത്രി മാനേജ്‌മെന്റും വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നിര്‍ത്തിവെക്കുകയോ കൂടുതല്‍ നിക്ഷേപം നടത്താതിരിക്കുകയോ ചെയ്യുന്നു. അശാസ്ത്രീയമായ ശമ്പള വര്‍ധനവും ജി.എസ്.ടിയും സര്‍ക്കാര്‍ ഫീസുകളിലെ വര്‍ധനയും ആസ്പത്രികളുടെ നടത്തിപ്പിനെ തടസപ്പെടുത്തുന്നു. അറുപത് ശതമാനത്തിലേറെയാണ് ശമ്പള ഇനത്തിലും മറ്റും ചെലവ് വരുന്നുണ്ട്. നാല്‍പത് ശതമാനത്തിലേറെയായാല്‍ ഒരു സ്ഥാപനവും നടത്തിക്കൊണ്ടു പോകാനാവില്ല.
സര്‍ക്കാര്‍ കൊണ്ടു വരുന്ന പുതിയ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് സ്വകാര്യ ആസ്പത്രികളുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കും. ഒരു ഡോക്ടറുടെ പിഴവ് കൊണ്ട് എന്തെങ്കിലും അപാകതയുണ്ടായാല്‍ ആസ്പത്രിയുടെ ലൈസന്‍സ് പാടെ റദ്ദാക്കുന്ന നിബന്ധനകളാണ് നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത്തരം സംഭവങ്ങളുണ്ടായാല്‍ അതിനെതിരെ നടപടി എടുക്കാന്‍ നിലവില്‍ നിയമങ്ങളുള്ളപ്പോള്‍ ആസ്പത്രി പൂട്ടിക്കുന്നതിനുള്ള വ്യവസ്ഥ കൊണ്ടു വരുന്നത് നീതീകരിക്കാനാവില്ല. സ്വകാര്യ ആസ്പത്രിയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി യാതൊരു ചര്‍ച്ചയും ഇക്കാര്യത്തില്‍ നടത്തിയിട്ടില്ല.
ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരാണ് സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ഉപയോഗിച്ച് സ്വകാര്യ ആസ്പത്രികളില്‍ ചികില്‍സക്കെത്തുന്നത്. ഇത് നിഷേധിക്കുന്നത് സാധാരണക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കും. ബുദ്ധിമുട്ടാകും. സര്‍ക്കാര്‍ നല്‍കാനുള്ള കുടിശിക നല്‍കുകയും ചര്‍ച്ചക്ക് സന്നദ്ധരാകുകയും ചെയ്യണമെന്ന് കെ.പി.എച്ച്.എ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

chandrika: