X

ചൂട് കൂടുന്നു; സൂര്യഘാതത്തിനും സാധ്യത

കൊച്ചി: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി കൂടുന്നു. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ മനുഷ്യര്‍ക്ക് ഹാനികരമായ രീതിയില്‍ വര്‍ധിക്കുകയാണെന്ന് കാലാവസ്ഥ വിദഗ്ധരുടെ കൂട്ടായ്മയായ മെറ്റ്ബീറ്റ് വെതര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ ഉച്ചക്ക് 12 മണിക്ക് കന്യാകുമാരി മുതല്‍ ആലപ്പുഴ വരെയുള്ള തീരദേശ മേഖലകളിലും, കൊല്ലം, പത്തനംതിട്ട കോട്ടയം ജില്ലകളിലും അള്‍ട്രാവയലറ്റ് രശ്മികളുടെ തോത് (യുവി ഇന്‍ഡക്സ്) 11ന് മുകളിലായി. പൊന്നാനി മുതല്‍ കാസര്‍കോട് വരെയുള്ള തീരദേശത്തും, പാലക്കാട് മേഖലയിലും യുവി ഇന്‍ഡക്സ് എക്സ്ട്രീം ലെവലില്‍ ആയിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

11നു മുകളിലുള്ള യുവി ഇന്‍ഡക്സ് നേരിട്ട് കൊള്ളുന്നത് സൂര്യഘാതത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും. സ്‌കിന്‍ കാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ക്കും ഇത് വഴിയൊരുക്കും. രാവിലെ 11.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയുള്ള സമയങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും, ഈ സമയങ്ങളില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്നും വിദഗ്ധര്‍ പറയുന്നു അസുഖങ്ങള്‍ ഉള്ളവരും, പ്രായമായവരും, ഗര്‍ഭിണികളും കടുത്ത ജാഗ്രത പാലിക്കണം. വെയിലത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കണം. അവധിക്കാലമായതിനാല്‍ കുട്ടികള്‍ വെയിലത്തുള്ള കളികളും പരമാവധി ഒഴിവാക്കണം. പ്രായമായവരിലും ചില മരുന്നുകളുടെ ഉപയോഗമൂലവും, ലഹരിവസ്തുക്കളുടെ ഉപയോഗം ഉള്ളവരിലും ദാഹം അറിയാത്ത അവസ്ഥ ഉണ്ടാവുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

webdesk11: