X

ചെങ്കടലില്‍ യു.എസ് ചരക്കുകപ്പലിനു നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം

അമേരിക്കയുടെ ഉടമസ്ഥതയിലുള്ള ജിബ്രാള്‍ട്ടര്‍ ഈഗിള്‍ എന്ന കപ്പലിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം. ഏദന്‍ കടലിടുക്കില്‍ നിന്ന് 100 മൈല്‍ അകലത്തില്‍ വെച്ചാണ് ആക്രമണം ഉണ്ടായതെന്നും ആളപായമില്ലെന്നും കപ്പല്‍ ഓപ്പറേറ്റര്‍മാരായ ഈഗിള്‍ ബള്‍ക്ക് ഷിപ്പിങ് അറിയിച്ചു.

ഉരുക്ക് ഉത്പന്നങ്ങളുമായി യാത്ര ചെയ്ത കപ്പലിന് ചെറിയ തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം യെമനില്‍ ഹൂത്തികള്‍ മിസൈലുകളും ഡ്രോണുകളും നിര്‍മിക്കുന്ന കേന്ദ്രത്തിലേക്ക് അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് വ്യോമാക്രമണം നടത്തിയിരുന്നു.

എന്നാല്‍ യെമനില്‍ യു.എസും യു.കെയും നടത്തിയ ആക്രമണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യു.എസിലെ എം.പിമാര്‍ രംഗത്തെത്തിയിരുന്നു. വ്യോമാക്രമണം നിയമവിരുദ്ധവും അമേരിക്കന്‍ ഭരണഘടനയുടെ ലംഘനമാണെന്നും എം.പിമാര്‍ പറഞ്ഞു. യെമനിലെ ആക്രമണത്തിനായി ബൈഡന്‍ നിയമനിര്‍മാണ സഭയുടെ അനുവാദം വാങ്ങിയില്ലെന്നും എം.പിമാര്‍ ചൂണ്ടിക്കാട്ടി.

യെമനില്‍ തുടര്‍ച്ചയായി ആക്രമണം നടത്തിയതില്‍ അമേരിക്ക തിരിച്ചടി പ്രതീക്ഷിക്കണമെന്ന് ഹൂത്തികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. യു.എസിന്റെ നേതൃത്വത്തിലുള്ള വ്യോമാക്രമണങ്ങള്‍ കൊണ്ട് തങ്ങളുടെ നിലപാട് മാറ്റാനാകില്ലെന്ന് ഹൂത്തികള്‍ അറിയിച്ചിരുന്നു. ഇസ്രാഈലി കപ്പലുകളെയും ഇസ്രാഈലി തുറമുഖത്തേക്ക് പോകുന്ന കപ്പലുകളെയും ആക്രമിക്കുന്നത് തുടരുമെന്ന് ഹൂത്തികള്‍ നേരത്തെ അറിയിച്ചിരുന്നു.

ഗസയിലെ ഇസ്രാഈലി ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൂതികള്‍ ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നത്. അതേസമയം ചെങ്കടലില്‍ ഹൂതികളുടെ ആക്രമണങ്ങള്‍ തടയുന്നതിനായി അമേരിക്ക നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

webdesk13: