X

സാങ്കേതിക പിഴവ്; ആധാര്‍ കാര്‍ഡുകള്‍ റദ്ദാക്കുന്നു

 

ന്യൂഡല്‍ഹി: സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടി ആധാര്‍ കാര്‍ഡുകള്‍ വ്യാപകമായി റദ്ദാക്കുന്നതായി റിപ്പോര്‍ട്ട്. എന്റോള്‍മെന്റ് സോഫ്റ്റ്‌വെയറിലെ പിഴവു മൂലമാണ് ആധാര്‍ കാര്‍ഡുകള്‍ റദ്ദാക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 81 ലക്ഷത്തോളം ആധാര്‍ കാര്‍ഡുകള്‍ ഇത്തരത്തില്‍ റദ്ദാക്കിയതായാണ് വിവരം. നിര്‍ജീവമാക്കിയ ആധാര്‍ കാര്‍ഡ് ഉള്ളവര്‍ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ കാര്‍ഡിനായി അപേക്ഷ നല്‍കണം.

പഴയ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന എല്ലാ രേഖകളിലും പുതിയ ആധാര്‍ നമ്പര്‍ ചേര്‍ക്കേണ്ടിവരും. പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ആധാര്‍ കാര്‍ഡുകള്‍ റദ്ദാക്കപ്പെട്ടതായി പലരും തിരിച്ചറിഞ്ഞത്.

ബയോമെട്രിക്‌സ് വിവരങ്ങള്‍ക്കായി രേഖപ്പെടുത്തുന്ന ഐറിസ് സ്‌കാനറുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയറിലെ പിഴവാണ് ഇതിനു കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.

മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ആധാര്‍ ആക്ട് 27,28 സെക്ഷനുകള്‍ അനുസരിച്ച് ആധാര്‍ റദ്ദാക്കാനോ നിര്‍ജീവമാക്കാനോ അനുവാദമുണ്ട്.

നിങ്ങളുടെ ആധാര്‍ നിര്‍ജീവമാണോ എന്ന് അറിയാന്‍:

നിങ്ങളുടെ ആധാര്‍ കാര്‍ഡ് നിര്‍ജീവമാണോ എന്നു പരിശോധിക്കാന്‍ യുഐഡിഎഐ വെബ്‌സൈറ്റായ സന്ദര്‍ശിക്കുക. ഇതില്‍ വെരിഫൈ ആധാര്‍ നമ്പര്‍ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

കാര്‍ഡ് നിര്‍ജീവമാണെന്ന് കണ്ടെത്തിയാല്‍ ആധാര്‍ സെന്ററുകളിലെത്തി ബയോമെട്രിക്‌സ് പുതുക്കി ആധാര്‍ തിരിച്ചെടുക്കാം.

chandrika: