X
    Categories: CultureMoreViews

കെട്ടിപ്പിടിച്ചതിന് യുവ ദമ്പതികള്‍ക്ക് ട്രെയ്‌നില്‍ മര്‍ദനം: പ്രതിഷേധവുമായി കൊല്‍ക്കത്തയില്‍ കെട്ടിപ്പിടിക്കല്‍ സമരം

കൊല്‍ക്കത്ത: ട്രെയ്‌നില്‍ വെച്ച് കെട്ടിപ്പിടിച്ചതിന് യുവ ദമ്പതികളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്ത ഡം ഡം മെട്രോ സ്‌റ്റേഷന് മുന്നില്‍ കെട്ടിപ്പിടിക്കല്‍ സമരം. നിരവധി യുവതീ യുവാക്കളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ‘ഒരാളെ കെട്ടിപ്പിടിക്കുന്നത് ഒരു തെറ്റായി കാണരുത്. അത് സ്‌നേഹത്തിന്റെ ഭാഗമാണ്’- പ്രതിഷേധക്കാര്‍ പറഞ്ഞു.

തിങ്കളാഴ്ച രാത്രിയാണ് യുവ ദമ്പതികള്‍ കൊല്‍ക്കത്ത മെട്രോ ട്രെയ്‌നില്‍ വെച്ച് മര്‍ദനത്തിനിരയായത്. ട്രെയ്‌നില്‍ വെച്ച് കെട്ടിപ്പിടിച്ചു എന്നാരോപിച്ചാണ് ഒരു കൂട്ടം ആളുകള്‍ ദമ്പതികളെ മര്‍ദിക്കുകയും ട്രെയ്‌നില്‍ നിന്ന് പുറത്താക്കുകയും ചെയ്തത്. ട്രെയ്‌നിലുണ്ടായിരുന്ന ഒരു വ്യക്തി ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ഒരു പ്രാദേശിക പത്രത്തില്‍ പ്രസിദ്ധീകരിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.

ചാന്ദ്‌നി ചൗക്ക് മെട്രോ സ്‌റ്റേഷനില്‍ നിന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. തിരക്കില്‍ നിന്ന് യുവതിയെ രക്ഷിക്കാന്‍ യുവാവ് ചേര്‍ത്ത് പിടിച്ചപ്പോള്‍ പ്രായമുള്ള ഒരു യാത്രക്കാരന്‍ പ്രശ്‌നമുണ്ടാക്കുകയായിരുന്നു. അയാളോട് കാര്യങ്ങള്‍ വ്യക്തമാക്കാന്‍ യുവാവ് ശ്രമിച്ചെങ്കില്‍ അയാള്‍ ചെവിക്കൊണ്ടില്ല. നീ സല്‍മാന്‍ ഖാന്‍ ആവാന്‍ നോക്കരുതെന്ന് പറഞ്ഞ വൃദ്ധന്‍ കെട്ടിപ്പിടിക്കണമെങ്കില്‍ ഡാന്‍സ് ബാറിലോ പാര്‍ക്കിലോ പോകാന്‍ പറഞ്ഞ് ആക്രോശിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റ് യാത്രക്കാരും അയാള്‍ക്കൊപ്പം ചേര്‍ന്ന് യുവാവിനെ മര്‍ദിക്കുക്കുകയും ഡം ഡം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പുറത്തേക്ക് തള്ളുകയുമായിരുന്നു-ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: