X

മനുഷ്യാവകാശങ്ങളും വര്‍ത്തമാന ഇന്ത്യയും

റസാഖ് ആദൃശ്ശേരി

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാപകദിന പരിപാടിയില്‍ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി മനുഷ്യാവകാശങ്ങളെക്കുറിച്ച് വാചാലനായിരുന്നു. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷം രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങളെ പരിശോധിച്ചാല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന എത്രമാത്രം അവാസ്തവമാണെന്നു ബോധ്യപ്പെടും. സ്വതന്ത്ര്യ ഇന്ത്യയില്‍ മുമ്പെങ്ങുമില്ലാത്തവിധം മനുഷ്യാവകാശ ലംഘനങ്ങളുടെ പരമ്പരതന്നെ ഇപ്പോള്‍ നടക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്.

ലഖിംപൂര്‍ ഖേരി കൂട്ടക്കുരുതിയില്‍ പ്രധാനമന്ത്രിയുടെ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകന്റെ മകനാണ് മുഖ്യപ്രതി. എന്നിട്ടും രാജ്യത്തിന്റെ പ്രധാനമന്ത്രി ഇതുവരെ അതിനെക്കുറിച്ചു ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലോ ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗങ്ങളിലോ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉടന്‍ ട്വീറ്റ് ചെയ്യുകയോ പ്രസ്താവന ഇറക്കുകയോ ചെയ്യുന്ന പ്രധാനമന്ത്രിയുടെ ഇക്കാര്യത്തിലുള്ള മൗനം എന്താണ് അര്‍ത്ഥമാക്കുന്നത്. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി മനുഷ്യാവകാശങ്ങളെക്കുറിച്ചു സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ചെയ്തികള്‍ ആരുടെയെങ്കിലും മനസ്സിലൂടെ കടന്നുപോയാല്‍ കുറ്റം പറയാന്‍ പറ്റില്ല.

പ്രസ്തുത പരിപാടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി അഭിമാനത്തോടെ സംസാരിച്ച കാര്യം തന്റെ ഭരണകാലത്ത് മുസ്‌ലിം സ്ത്രീകള്‍ക്ക് ‘പുതിയ അവകാശങ്ങള്‍’ നല്‍കിയെന്നതാണ്. ഇവിടെയും അദ്ദേഹത്തിന്റെ അവകാശവാദം ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു. സത്യത്തില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി മുസ്‌ലിം സ്ത്രീകളെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങളില്‍ മോദി സര്‍ക്കാര്‍ മൗനം പാലിക്കുകയായിരുന്നു. ബി.ജെ.പിയും സംഘ്പരിവാര്‍ ശക്തികളും രാജ്യത്തെ മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിച്ചതിനു ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. അതുകൊണ്ടുതന്നെയാണ് ‘മുത്തലാഖ്’ ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിച്ച ദിവസത്തെ ‘മുസ്‌ലിം വനിതാ അവകാശ ദിനമായി’ ആചരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തപ്പോള്‍ നൂറുകണക്കിനു വനിതാ അവകാശ പ്രവര്‍ത്തകരും മറ്റും മോദി സര്‍ക്കാരിന്റെ തീരുമാനത്തെ അപലപിച്ചത്. അവരുടെ അഭിപ്രായത്തില്‍, മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നു അവകാശപ്പെട്ടുകൊണ്ടു ‘മുത്തലാഖ് വിരുദ്ധ നിയമം’ പാസ്സാക്കിയതിനുപിന്നില്‍ മോദി കാലത്തെ പുതിയ ഇന്ത്യയില്‍ മുസ്‌ലിം പുരുഷന്മാരുടെ സ്ഥാനം ഇകഴ്ത്തി കാണിക്കുകയെന്ന ദുരുദ്ദേശമാണ് ബി.ജെ.പി സര്‍ക്കാരിനുള്ളതെന്നാണ്. കൂടാതെ ഈ നിയമം മ്ലേച്ഛതയാണെന്നും പൊള്ളയായ മുദ്രാവാക്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. കാരണം മുത്തലാഖ് സുപ്രീംകോടതി ഇതിനകം റദ്ദാക്കിയിരുന്നല്ലോ. പിന്നീടെന്തിനാണ് മുസ്‌ലിം സ്ത്രീകളെ സംരക്ഷിക്കുന്നതിനോ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനോവേണ്ടി അത്തരമൊരു നിയമം?. ഈ നിയമംമൂലം വിവാഹമോചിതയായ മുസ്‌ലിം സ്ത്രീയുടെ ഭര്‍ത്താവിനെ ജയിലിലടക്കുമെന്നു വന്നതോടുകൂടി മുസ്‌ലിംകളുടെ ഉപജീവനത്തിനുള്ള അവകാശവും നിഷേധിക്കപ്പെടുകയല്ലേ? കൂടാതെ, മുസ്‌ലിം സ്ത്രീകള്‍ക്കുനേരെ നടക്കുന്ന നിരന്തര ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍, ഭീഷണിപ്പെടുത്തല്‍ എന്നിവയെക്കുറിച്ചു സര്‍ക്കാര്‍ നിശബ്ദത പാലിച്ചു. ഉദാഹരണം കുപ്രസിദ്ധമായ ‘സുള്ളി ഡീല്‍സ്’; സോഷ്യല്‍ മീഡിയയില്‍നിന്നു മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോ കവര്‍ന്നെടുത്ത് മുസ്‌ലിം സ്ത്രീകള്‍ ലേലത്തിനും വില്‍പ്പനക്കുമായി വെച്ചിരിക്കുന്നു എന്നു ചിത്രീകരിച്ചു പുറത്തിറക്കിയ ‘സുള്ളി ഡീല്‍സ്’ ആപ്പിന്റെ പിന്നില്‍ ഹിന്ദു തീവ്രവാദികളായിരുന്നു. ബലാല്‍സംഗം ചെയ്യപ്പെടേണ്ടവരാണ് ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകള്‍ എന്നതായിരുന്നു ഇതിന്റെ ധ്വനി. ഉത്തരേന്ത്യയില്‍ മുസ്‌ലിം സ്ത്രീകളെ അപമാനിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് ‘സുള്ളി’. ഇത്തരം ചീത്ത പദപ്രയോഗങ്ങളിലൂടെ സാമൂഹിക പ്രതിനിധാനം നടത്തുന്ന മുസ്‌ലിം സ്ത്രീകളെ അപമാനിച്ചു മൂലക്കിരുത്തിക്കളയാം എന്നു വ്യാമോഹിക്കുകയായിരുന്നു സംഘ്പരിവാര്‍. ഇത്തരം നീച പ്രവൃത്തികള്‍ക്കെതിരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു കാര്യമായ നടപടികളൊന്നും ഉണ്ടായില്ല.

കേന്ദ്രത്തിലും സംസ്ഥാന സര്‍ക്കാറുകള്‍വഴിയും ബി.ജെ.പി, മുസ്‌ലിംകളുടെ അസ്തിത്വം തകര്‍ക്കുകയെന്ന ഉദ്ദേശത്തോടെ എണ്ണമറ്റ നിയമങ്ങള്‍ കൊണ്ടുവരുന്നു. ബീഫ് നിരോധനം, മുസ്‌ലിംകള്‍ക്ക്‌നേരെ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളും അക്രമപരമ്പരകളും, പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവരെ പോലും യു.എ.പി.എ ചുമത്തി ജയിലിലിട്ടത്, വിചാരണപോലുംചെയ്യാതെ നിരപരാധികളെ വര്‍ഷങ്ങളോളമായി ജയിലില്‍ പാര്‍പ്പിക്കുന്നത്, സമീപകാലത്ത് യു.പി സര്‍ക്കാര്‍ കൊണ്ടുവന്ന മത പരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സ്, യു.പി ജനസംഖ്യ നിയന്ത്രണബില്‍ തുടങ്ങിയവ നടപ്പില്‍വരുത്താന്‍വേണ്ടി ഭരണകൂടംതന്നെ നടത്തുന്ന അതിക്രമങ്ങള്‍ തുടങ്ങി എത്രയോ മനുഷ്യാവകാശ ലംഘനങ്ങള്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിനകം രാജ്യം കണ്ടതാണ്.
യഥാര്‍ത്ഥത്തില്‍ പ്രശ്‌നം പരിഹരിക്കുകയും ഇന്ത്യയെ മനുഷ്യാവകാശ സൗഹൃദ രാജ്യമാക്കുകയും ചെയ്യുന്നതിനേക്കാള്‍ പ്രധാനമന്ത്രിക്കും ബി.ജെ.പിക്കും താല്‍പര്യം സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിലാണ്. സര്‍ക്കാരും അതിന്റെ മെഷിനറിയും കൂടുതല്‍ ഊര്‍ജ്ജവും പണവും ചെലവഴിക്കുന്നത് ഗവണ്‍മെന്റിന്റെ ഇമേജ് നിര്‍മ്മാണത്തിനാണെന്നതില്‍ അതിശയിക്കാനില്ല. 1993 സെപ്തംബര്‍ 28ന് ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ മനുഷ്യാവകാശ സംരക്ഷണ നിയമം അനുശാസിക്കുന്ന അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കുകയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചുമതല.

നിര്‍ഭാഗ്യവശാല്‍, സ്വതന്ത്ര സ്ഥാപനമായ എന്‍.എച്ച്.ആര്‍.സി സര്‍ക്കാരിന്റെ മുഴുവന്‍ സമയ പബ്ലിക് റിലേഷന്‍സ് വകുപ്പായി അധ:പതിച്ചിരിക്കുന്നു. അതിനുള്ള സാക്ഷ്യം സ്ഥാപകദിന പരിപാടിയില്‍ എന്‍.എച്ച്.ആര്‍.സി ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് റിട്ട. എ.കെ മിശ്ര നടത്തിയ പ്രസംഗമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ചിലരെ ഭീകരവാദികള്‍ എന്നു വിശേഷിപ്പിക്കുകയും അത്തരം ആളുകളെ സ്വാതന്ത്ര്യസമര സേനാനികള്‍ എന്നു വിളിക്കുന്നത് അനുചിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടത് മോദി കാലത്തെ സംഘി മനസ്സിന്റെ അപകടകരമായ സഞ്ചാരമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ‘ഭീകരരെ’ പ്രതിരോധിക്കുകയാണെന്നു എന്‍. എച്ച്.ആര്‍.സി ചെയര്‍പേഴ്‌സണ്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇത് തെറ്റിദ്ധരിപ്പിക്കുന്നതും മനുഷ്യാവകാശ സംരക്ഷകരുടെ ജീവിതവും സ്വാതന്ത്ര്യവും കൂടുതല്‍ അപകട സാധ്യതയിലേക്ക് നയിക്കുന്നതിനു സമാനവുമാണ്. ഇവിടെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തീവ്രവാദികളെ പ്രതിരോധിക്കുകയാണോ ചെയ്യേണ്ടത്? മറിച്ചു നിരപരാധികളായവരെ തീവ്രവാദികള്‍ എന്നു വിളിച്ചു ഭരണകൂടം മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുമ്പോള്‍ അത് തടയുകയല്ലേ അവര്‍ ചെയ്യേണ്ടത്? ആരോപിക്കപ്പെടുന്ന കുറ്റകൃത്യം എത്ര ഹീനമാണെങ്കിലും ഉചിതമായ രീതിയില്‍ പ്രതിക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കാനുള്ള അവകാശം ഭരണഘടനയില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഓരോ പൗരന്റെയും മൗലികാവകാശങ്ങള്‍ വ്യക്തമായി ഭരണഘടനയിലുണ്ട്. കൂടാതെ അന്താരാഷ്ട്ര നിയമങ്ങളും ഉണ്ട്.

ഇന്ത്യന്‍ നിയമ വ്യവസ്ഥയനുസരിച്ചു ന്യായമായും കുറ്റം തെളിയിക്കപ്പെടാത്തപക്ഷം ഓരോ വ്യക്തിയും നിരപരാധിയാണ്. നീതിന്യായ വ്യവസ്ഥകള്‍ ഇത്രയും വ്യക്തമായുണ്ടാകുമ്പോള്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുകയല്ലേ ചെയ്യേണ്ടത്? മറുവശത്ത്, ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയതിനു ന്യായമായ തെളിവുകളോടുകൂടി ശിക്ഷിക്കപ്പെട്ട നാഥുറാം ഗോദ്‌സെ പോലുള്ള ഭീകരര്‍ മഹത്വവത്കരിക്കപ്പെടുന്നതിനു പതിവായി സാക്ഷ്യം വഹിക്കുന്നു. ഈ അപകടകരമായ പ്രവണതയെ കുറിച്ച് ജസ്റ്റിസ് മിശ്രക്ക് ഒന്നും പറയാനില്ലേ! ബിജെ.പി ഇതര ഭരണത്തിലുള്ള സംസ്ഥാ നങ്ങളില്‍നിന്നു മനുഷ്യാവകാശ ലംഘനങ്ങളും രാഷ്ട്രീയ അക്രമങ്ങളും റിപ്പോര്‍ട്ടു ചെയ്യപ്പെടുമ്പോള്‍ പരമോന്നത മനുഷ്യാവകാശ സംഘടന അതില്‍ ഇടപെടുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍നിന്നു റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന സംഭവങ്ങളില്‍ കാര്യമായി ഒന്നും ചെയ്യുന്നില്ല. പശ്ചിമ ബംഗാളിലെയും ഉത്തര്‍പ്രദേശിലെയും സംഭവങ്ങളോടുള്ള ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ സമീപനം ഈ ഇരട്ടത്താപ്പ് വ്യക്തമാകും.

 

 

 

 

 

web desk 3: