X

മനുഷ്യാവകാശ ശബ്ദങ്ങള്‍ നിലക്കരുത്-പി. ഇസ്മായില്‍ വയനാട്‌

ഗുജറാത്ത് വംശഹത്യ ഇരകള്‍ക്ക് നീതി തേടി നിയമ പോരാട്ടം നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദിനെയും മുന്‍ ഗുജറാത്ത് എഡി.ജി.പി ആര്‍ ബി ശ്രീകുമാറിനെയും പ്രതികാര ബുദ്ധിയോടെ കസ്റ്റഡിയിലെടുത്തതിനെതിരെ വിവിധ കോണുകളില്‍നിന്ന് ശക്തമായ പ്രതിഷേധമാണുയരുന്നത്. ഗുല്‍ബര്‍ഗ് സൊസൈറ്റി, നരോദപാട്യ, നരോദ ഗ്രാം, സര്‍ദാര്‍പുര, ബെസ്റ്റ് ബേക്കറി തുടങ്ങിയ ഗുജറാത്തിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന നിഷ്ഠൂര നരഹത്യകളില്‍ ഇരകളായി മാറിയവര്‍ക്ക് കോടതികളെയും അന്വേഷണ കമ്മീഷനുകളെയും സമീപിക്കാന്‍ ടീസ്റ്റയുടെ ഇടപെടലുകളാണ് ധൈര്യം പകര്‍ന്നത്.

ടീസ്റ്റയുടെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ172 ല്‍ പരം കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്താനും സാധിച്ചു. 2002 ല്‍ ഗുജറാത്തിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നടന്ന കലാപത്തില്‍ കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജാഫ്രി ഉള്‍പെടെ 68 പേരാണ് കൊല ചെയ്യപ്പെട്ടത്. കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്രമോദിക്കും 63 ഓളം ഉദ്യോഗസ്ഥര്‍ക്കും നേരിട്ട് പങ്കുള്ളതായി ആരോപിച്ചാണ് ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയജാഫ്രി സുപ്രീംകോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശ പ്രകാരം സി.ബി.ഐ മുന്‍ മേധാവി ആര്‍.കെ രാഘവന്റെ നേതൃത്വത്തിലുള്ള എസ്. ഐ.ടി സ്‌പെഷല്‍ സംഘം അന്വേഷണം നടത്തിയെങ്കിലും മോദിയെ രക്ഷിക്കും വിധമുള്ള റിപ്പോര്‍ട്ടാണ് കൈമാറിയത്. റിപ്പോര്‍ട്ട് ശരിവെച്ചു ഹൈകോടതി വിധിയെ ചോദ്യംചെയ്തും കലാപത്തിന് പിന്നിലെ ഗൂഢാലോചനകള്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സാകിയ ജാഫ്രി സുപ്രീംകോടതിയില്‍ നല്‍കിയ ഹരജി തള്ളികൊണ്ടുള്ള വിധിയിലെ പരാമര്‍ശം ആയുധമാക്കിയാണ് ടീസ്റ്റയെയും ശ്രീകുമാറിനെയും വേട്ടയാടുന്നത്. അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ടീസ്റ്റയും ശ്രീകുമാറും വ്യാജരേഖകള്‍ സമര്‍പ്പിച്ചുവെന്ന സുപ്രീംകോടതി പരാമര്‍ശത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ നടത്തിയ നാടകീയ ഇടപെടലുകളാണ് അറസ്റ്റില്‍ കലാശിച്ചത്. ഗുജറാത്ത് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ്ഭട്ട് ഒന്നാം പ്രതിയും ആര്‍. ബി ശ്രീകുമാര്‍ രണ്ടും ടീസ്റ്റ മൂന്നും പ്രതിയായാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

കലാപം നടക്കുന്ന സമയം ഇന്റലിജന്റ് എ.ഡി.ജി.പി ആയിരുന്ന ആര്‍.ബി ശ്രീകുമാര്‍ നടത്തിയ തുറന്നുപറച്ചിലുകള്‍ മോദിക്കും ബി.ജെ.പിക്കും തീരാത്ത തലവേദനകളാണ് അക്കാലത്ത് സമ്മാനിച്ചത്. 182 നിയോജക മണ്ഡലങ്ങളില്‍ 154 ലും കലാപം ബാധിച്ചുവെന്നും കലാപം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ലെന്നും അന്വേഷണ കമ്മീഷനുകള്‍ക്ക് മുന്നില്‍ മൊഴി നല്‍കിയതിനും മോദിയുടെ പ്രസംഗത്തിലെ വര്‍ഗീയ വികാരങ്ങള്‍ സംബന്ധിച്ച് ദേശീയ ന്യൂനപക്ഷ കമ്മിഷന് റിപ്പോര്‍ട്ട് നല്‍കിയതിനോടും ഡി.ജി.പി സ്ഥാനത്തേക്കുള്ള സ്ഥാനക്കയറ്റം തടഞ്ഞുവെച്ചാണ് മോദി പക തീര്‍ത്തത്. സര്‍വീസില്‍നിന്ന് വിരമിച്ചതിന്‌ശേഷവും സ്ഥാനക്കയറ്റം തടഞ്ഞതിനെ ചോദ്യം ചെയ്ത് ശ്രീകുമാര്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബൂണലിനെ സമീപിക്കുകയും 2008ല്‍ മുന്‍ കാല പ്രാബല്യത്തോടെ ഡി.ജി.പി റാങ്കിലേക്കുള്ള സ്ഥാനക്കയറ്റം നേടുകയുംചെയ്തതും ഇപ്പോഴത്തെ വേട്ടയാടലിനുള്ള പ്രധാന കാരണമാണ്.ഭരണകൂടങ്ങളെ വിമര്‍ശിക്കുന്നവര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നവര്‍ക്കും കയ്യാമങ്ങളും കല്‍ തുറങ്കുകളുമാണ് കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പുകള്‍ നല്‍കി നാവരിയാനാണ് ഭരണകൂടം ശ്രമിക്കുന്നത്.

Chandrika Web: