X

നരബലിക്കേസ്: രണ്ടാമത്തെ കുറ്റപത്രം ഈ ആഴ്ച

കൊച്ചി: ഇലന്തൂര്‍ നരബലി കേസിലെ രണ്ടാമത്തെ കുറ്റപത്രം അന്വേഷണസംഘം ഈ ആഴ്ച കോടതിയില്‍ സമര്‍പ്പിക്കും. കാലടി സ്വദേശി റോസ്‌ലിന്‍ കൊല്ലപ്പെട്ട കേസിലെ കുറ്റപത്രമാണ് ഈ ആഴ്ച എറണാകുളം റൂറല്‍ പോലീസ് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കുന്നത്. കേസില്‍ പെരുമ്പാവൂര്‍ സ്വദേശി ഷാഫിയാണ് ഒന്നാംപ്രതി. ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍സിങ്, ഇയാളുടെ ഭാര്യ ലൈല എന്നിവര്‍ രണ്ടും മൂന്നും പ്രതികളുമാണ്. ഇവര്‍ റിമാന്‍ഡിലാണ്. കൊലപാതകം, ഗൂഡാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, പീഡനം എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

2022 ജൂണ്‍ എട്ടിനാണ് റോസിലിനെ കാണാതായത്. അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ച് പത്തു ലക്ഷം രൂപ വാങ്ങിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് റോസ്‌ലിനെ ഷാഫി ഇലന്തൂരിലെ വീട്ടിലെത്തിച്ചത്. തുടര്‍ന്നായിരുന്നു കൊലപാതകം. ഈ സമയത്ത് റോസ്‌ലിന്‍ ബോധാവസ്ഥയിലായിരുന്നതായി പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഭഗവത്സിങിന്റെ ഇലന്തൂരിലെ പുരയിടത്തില്‍ നിന്ന് ലഭിച്ച അസ്ഥിക്കൂടം റോസിലിന്റേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ പിന്നീട് കണ്ടെത്തിയിരുന്നു. കടവന്ത്ര സ്വദേശിനി പത്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

webdesk11: