X

ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനം ഇന്ന്

ഗുവാഹത്തി: ട്വന്റി ട്വന്റി പരമ്പരയില്‍ 2-1ന് ശ്രീലങ്കയെ കീഴടക്കിയ ആത്മ വിശ്വാസവുമായി ഇന്ത്യ ഇന്ന് ഏകദിന പരമ്പരക്കിറങ്ങുന്നു. ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനം ഇന്ന് ഗുവാഹത്തി ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ ഉച്ചയ്ക്ക് 1.30നാണ് ആരംഭിക്കുക. ടി 20 പരമ്പരയില്‍ ടീമിലില്ലാതിരുന്ന രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ ഏകദിന പരമ്പരയില്‍ മടങ്ങിയെത്തുമെന്നത് ആരാധകര്‍ക്ക് ആശ്വാസമാണ്.

ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ ഇന്ത്യയ്ക്ക് ഏകദിന പരമ്പര നിര്‍ണായകമാണ്. ബി.സി.സി.ഐ ഏകദിന ലോകകപ്പിനായി 20 കളിക്കാരുടെ പട്ടിക തയാറാക്കിയതായും ഇവരുടെ റൊട്ടേഷന്‍ നടക്കുമെന്നും ബി. സി.സി.ഐ നേരത്തെ അറിയിച്ചിരുന്നതിനാല്‍.

ഗുവാഹത്തി ഏകദിനം മുതല്‍ ഇത് പ്രാബല്യത്തിലുണ്ടാകുമെന്നാണ് കരുതുന്നത്. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ പരിക്കേറ്റ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്നു വീണ്ടും നായകനായി എത്തും. ഇവര്‍ക്കൊപ്പം ടി20 പരമ്പരയില്‍ ഇല്ലാതിരുന്ന മുതിര്‍ന്ന താരങ്ങളായ വിരാട് കോലിയും കെ.എല്‍ രാഹുലും ഇന്ന് ടീമിനൊപ്പം ചേരും. ടി 20 പരമ്പരയിലേതിന് സമാനമായ പ്രകടനമാണ് ഇന്ത്യന്‍ ടീം പ്രതീക്ഷിക്കുന്നത്. ഇഷാന്‍ കിശന്‍, ശുഭ്മാന്‍ ഗില്‍ എന്നിവരിലൊരാളായിരിക്കും കെ.എല്‍ രാഹുലിനൊപ്പം ഇന്നിങ്‌സ് ഓപണ്‍ ചെയ്യുക. വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ മൂന്ന്, നാല് സ്ഥാനങ്ങളില്‍ വരും.

ബൗളിങില്‍ മുഹമ്മദ് സിറാജ്, അര്‍ശ്ദീപ് സിങ്, ഉമ്രാന്‍ മാലിക് പേസ് ത്രയം തന്നെയായിരിക്കും ഇന്നും കളിക്കുക എന്നാണ് സൂചന. അവസാന ടി 20 മത്സരത്തില്‍ ചിത്രത്തില്‍ നിന്നു തന്നെ അപ്രത്യക്ഷമായ ശ്രീലങ്കയ്ക്ക് ക്യാപ്റ്റന്‍ ദാസുന്‍ ശനകയുടെ സ്ഥിരതയാര്‍ന്ന പ്രകടനം തന്നെയാണ് പ്രതീക്ഷയ്ക്ക് വക നല്‍കുന്നത്. ഇരു ടീമുകളും തമ്മില്‍ നേര്‍ക്കു നേര്‍ പോരാട്ടത്തില്‍ ഇന്ത്യക്ക് തന്നെയാണ് മുന്‍തൂക്കം. 162 മത്സരം കളിച്ചപ്പോള്‍ ഇന്ത്യ 93 മത്സരം വിജയിച്ചപ്പോള്‍ ശ്രീലങ്ക 57 മത്സരങ്ങളിലാണ് ഇന്ത്യക്കെതിരെ വിജയിച്ചത്.

webdesk11: