X

ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി; സമുദായങ്ങള്‍ക്കിടയില്‍ പാലം പണിത വ്യക്തിത്വം: ഹൈദരലി തങ്ങള്‍

കോഴിക്കോട്: സമുദായ സൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിച്ച വികസനോന്മുഖ കാഴ്ചപ്പാടുകളുള്ള തുറന്ന വ്യക്തിത്വമായിരുന്നു വിടവാങ്ങിയ താമരശ്ശേരി രൂപത മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. വിശ്വാസത്തില്‍ വിട്ടുവീഴ്ചയില്ലാതെ നിലയുറപ്പിച്ചപ്പോഴും മറ്റുള്ളവരെ മാനിക്കാനും പൊതു വിഷയങ്ങളില്‍ ഒന്നിച്ചു നില്‍ക്കാനും അദ്ദേഹം മാതൃക കാണിച്ചു.

മുസ്‌ലിംലീഗിനോടും വ്യക്തിപരമായി എന്നോടും സ്‌നേഹ ബന്ധം കാത്തു സൂക്ഷിച്ചിരുന്നു. തന്റെ സഹോദരന്‍ മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗ സമയത്ത് വിളിക്കാനും ആശ്വസിപ്പിക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. അവര്‍ തമ്മിലുള്ള സ്‌നേഹോഷ്മള സൗഹൃദ്ദവും അദ്ദേഹം അയവിറക്കി. വിശ്വാസികളെ മതപരവും ഭൗതികവുമായി നവീകരിക്കുന്നതോടൊപ്പം വികസനത്തിലേക്കും ജനകീയ പ്രശ്‌നങ്ങളിലേക്കും ഊന്നുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതി. ആക്ഷേപങ്ങള്‍ക്കും ഭീഷണികള്‍ക്കും മുമ്പില്‍ ഒരിക്കലും അദ്ദേഹം പതറിയില്ല. തൃശൂരില്‍ നിന്ന് താമരശ്ശേരിയിലെത്തി കാല്‍ നൂറ്റാണ്ടിലേറെ അവരിലൊരാളായി പ്രവര്‍ത്തിച്ചാണ് ജനകീയത കൈവരിച്ചത്. ഉന്നത വിദ്യാഭ്യാസം നേടുകയും അതിന്റേതായ പക്വതയും അറിവിന്റെ വിനയവും സ്ഫുരിക്കുകയും ചെയ്ത അദ്ദേഹത്തില്‍ നിന്ന് ഒട്ടേറെ പഠിക്കാനുണ്ട്. മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ വിയോഗം തീരാ നഷ്ടമാണെന്നും ഹൈദരലി തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

web desk 3: