X

പൊരുതിയ ഗോകുലത്തെ ചെന്നൈ വീഴ്ത്തി

ടി.കെ ഷറഫുദ്ദീന്‍

കോഴിക്കോട്: ഐലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്.സിക്ക് സീസണിലെ ആദ്യ തോല്‍വി. സ്പാനിഷ് താരങ്ങളുടെ കരുത്തില്‍ മുന്നേറിയ ചെന്നൈ സിറ്റി എഫ്.സിയാണ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്വന്തംതട്ടകത്തില്‍ ഗോകുലത്തെ മുട്ടുകുത്തിച്ചത്. പെനാല്‍റ്റിയിലൂടെ ആന്റോണിയോ ജര്‍മെയ്ന്‍ (4), വി.പി സുഹൈര്‍(70) എന്നിവര്‍ കേരളത്തിനായി ലക്ഷ്യംകണ്ടമ്പോള്‍ പ്രവിട്ടോ രാജു(22), പെട്രോ ജാവിയര്‍(31), അമീറുദ്ദീന്‍ മൊഹിയുദ്ദീന്‍(68) എന്നിവരാണ് ചെന്നൈ ക്ലബിനായി ഗോള്‍നേടിയത്. ഇതോടെ മൂന്ന് കളിയില്‍ ഏഴുപോയന്റുള്ള ചെന്നൈ സിറ്റി എഫ്.സി പോയന്റ് ടേബിളില്‍ ഒന്നാമതെത്തി. ഗോകുലത്തിന്റെ മുന്നേറ്റത്തിന്റെ മുനയൊടിച്ച ചെന്നൈയുടെ പ്രതിരോധതാരം അജിത്ത് കുമാര്‍ കാമരാജാണ് കളിയിലെതാരം. അനാവശ്യ ഫൗള്‍വഴങ്ങിയ കേരള ക്യാപ്റ്റന്‍ മുഡ്ഡൈ മൂസ ചുവപ്പ് കാര്‍ഡ്കണ്ട് പുറത്ത് പോയത് ആതിഥേയര്‍ക്ക് തിരിച്ചടിയായി. മൂന്ന് സ്പാനിഷ് താരങ്ങളാണ് ചെന്നൈയ്ക്കായി ആദ്യ ഇലവനില്‍ ഇറങ്ങിയത്.

ടീം മലബാറിയന്‍സിന്റെ മുന്നേറ്റത്തോടെയാണ് കളിആരംഭിച്ചത്. ബോക്‌സില്‍വെച്ച് മലയാളി മധ്യനിരതാരം അര്‍ജ്ജുന്‍ജയരാജിന്റെ അക്രോബാറ്റിക് ഗോള്‍ശ്രമം ചെന്നൈ പ്രതിരോധതാരങ്ങള്‍ അപകടകരമാംവിധം തടഞ്ഞതാണ് ഗോകുലത്തിന്റെ ആദ്യഗോളിന് വഴിയൊരുക്കിയത്. അര്‍ജ്ജുനെ ഫൗള്‍ചെയ്തതിന് ലഭിച്ച പെനാല്‍റ്റി അനായാസം വലയിലെത്തിച്ച് അന്റോണിയോ ജര്‍മെയ്ന്‍ ആതിഥേയര്‍ക്ക് സ്വപ്‌നതുല്യമായ തുടക്കം നല്‍കി.(1-0) എന്നാല്‍ ഈ മുന്‍തൂക്കത്തില്‍ മുന്നേറികളിക്കുന്നതിന് പകരം കളിമറന്ന ഗോകുലത്തെയാണ് പിന്നീടങ്ങോട്ട് കണ്ടത്. തുടരെ തുടരെ ഗോകുലം ബോക്‌സിലേക്ക് കുതിച്ചെത്തിയ അയല്‍ക്കാര്‍ നിരന്തരം അപകടം വിതച്ചു.

സ്പാനിഷ്-ഇന്ത്യന്‍ കോമ്പിനേഷനില്‍ പിറന്ന സുന്ദരനീക്കങ്ങള്‍ക്കൊടുവിലാണ് ചെന്നൈ ടീം സമനില ഗോള്‍ കണ്ടെത്തിയത്. ഗോകുലം പ്രതിരോധനിരയെ വെട്ടിച്ച് മുന്നേറിയ സ്‌പെയിന്‍ മധ്യനിരതാരം നെസ്റ്റര്‍ ജീസസിന്റെ ഉജ്ജ്വലമായ ഷോട്ട് കേരള ഗോളി ഷിബിന്‍ രാജ് തട്ടിയകറ്റി. എന്നാല്‍ ബോക്‌സില്‍ തക്കംപാര്‍ത്തിരുന്ന പ്രവിട്ടോ രാജു അനായാസം പന്ത് പോസ്റ്റിലേക്ക് തിരിച്ചുവിട്ട് സന്ദര്‍ശകര്‍ക്ക് സമനില നേടികൊടുത്തു.(1-1). ആദ്യ ഗോളിന് സമാനമായ നീക്കമാണ് രണ്ടാംഗോളിനും ഇടയാക്കിയത്. ഇടതുവിംഗില്‍ നിന്ന് ചെന്നൈ ക്യാപ്റ്റന്‍ പെട്രോ ജാവിയറിന്റെ ഒറ്റയാന്‍ നീക്കം തടയാനുള്ള കേരള ഡിഫന്‍ഡര്‍ ഡാനിയല്‍ അഡോയുടെ ശ്രമം വിഫലമായി. മുന്നോട്ടിറങ്ങി പന്ത്തട്ടിയകറ്റാനുള്ള കേരള ഗോളി ഷിബിന്‍രാജിനും പിഴച്ചു. ഗോളിയില്ലാത്ത പോസ്റ്റിലേക്ക് പന്തടിച്ച് സ്പാനിഷ് താരം മത്സരത്തില്‍ ആദ്യമായി ചെന്നൈയ്ക്ക് ലീഡ് നേടികൊടുത്തു(2-1).കഴിഞ്ഞ ഹോംമത്സരത്തിലേതുപോലെ രണ്ടാംപകുതിയില്‍ എതിര്‍ ഗോള്‍മുഖത്തേക്ക് ഇരമ്പിയടുക്കുന്ന ഗോകുലത്തെയാണ് രണ്ടാം പകുതിയില്‍ കണ്ടത്.

പൂര്‍ണമായി കായികക്ഷമത വീണ്ടെടുക്കാത്ത അന്റോണിയോ ജര്‍മെയ്‌നെ പിന്‍വലിച്ച് എസ്. രാജേഷിനെ ഇറക്കിയതോടെ മുന്നേറ്റത്തിന് മൂര്‍ച്ചകൂടി. രാജേഷ്-അര്‍ജുന്‍-സുഹൈര്‍ നീക്കങ്ങള്‍ പലപ്പോഴും ചെന്നൈ ബോക്‌സില്‍ അപകടം വിതച്ചെങ്കിലും ഗോള്‍മാത്രം അകന്നുനിന്നു. ഗോകുലം പ്രതിരോധത്തിന്റെ പിഴവില്‍ മൂന്നാംഗോള്‍നേടി അയല്‍ക്കാര്‍ ലീഡ് ഉയര്‍ത്തി. 68ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ അമീറുദ്ദീന്‍ മൊഹിയുദ്ദീനിലൂടെയാണ് ലക്ഷ്യംകണ്ടത്. (3-1) എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ മലയാളിതാരം വി.പി സുഹൈറിലൂടെ ഗോള്‍മടക്കിയ ഗോകുലം അതിവേഗം മത്സരത്തിലേക്ക് തിരിച്ചുവന്നു. (3-2). ബോക്‌സിന് പുറത്തുനിന്ന് മലയാളിതാരം ഉതിര്‍ത്ത ഉജ്ജ്വലമായ വലംകാലന്‍ ഷോട്ടിന് മുന്നില്‍ നിസഹായനായി നില്‍ക്കാനേ ചെന്നൈ ഗോളിക്ക് കഴിഞ്ഞുള്ളൂ.

89ാം മിനിറ്റില്‍ കേരള ക്യാപ്റ്റന്‍ മുഡ്ഡെ മൂസെയുടെ ഗോള്‍ശ്രമം പോസ്റ്റില്‍തട്ടിപുറത്തേക്ക് പോയത് അവിശ്വസിനീയമായാണ് കായിക പ്രേമികള്‍ കണ്ടത്. അവസാനമിനുറ്റില്‍ മത്സരം പരുക്കന്‍ കളിയിലേക്ക്‌നീങ്ങി. മൂന്ന് കളിയില്‍ രണ്ട് പോയന്റുള്ള കേരളം നിലവില്‍ ആറാം സ്ഥാനത്താണ്. എവേമത്സരത്തില്‍ ഞായറാഴ്ച ഷില്ലോംഗ് ലജോംഗുമായാണ് ഗോകുലത്തിന്റെ അടുത്തമത്സരം.

chandrika: