X
    Categories: indiaNews

കര്‍ഷക പ്രക്ഷോഭം ശക്തമാവുന്നു; ഭാരത് ബന്ദിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രക്ഷോഭം ശക്തമാവുന്നതിനിടെ ബില്ലിനെതിരെ കര്‍ഷക സംഘടനകള്‍ സംഘടിപ്പിക്കുന്ന ഭാരത് ബന്ദിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

മോദി സര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ അടിമകളാക്കുന്നതാണെന്നും ജി.എസ്.ടി നടപ്പാക്കിയതിലെ പിഴവ് ചെറുകിട- ഇടത്തരം സംരംഭങ്ങളെ തകര്‍ത്തതായും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി. കാര്‍ഷിക ബില്ലിനെതിരായി കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെ പിന്തുണക്കുന്നതായും രാഹുല്‍ ട്വീറ്റ്വറില്‍ വ്യക്തമാക്കി.

ജി.എസ്.ടി നടപ്പാക്കിയതിലെ പിഴവ് ചെറുകിട-ഇടത്തരം സംരംഭങ്ങളെ തകര്‍ത്തു. പുതിയ കാര്‍ഷിക നിയമങ്ങള്‍ നമ്മുടെ കര്‍ഷകരെ അടിമകളാക്കുകയും ചെയ്യും. ഭാരത് ബന്ദിനെ പിന്തുണക്കുന്നു, രാഹുല്‍ ട്വീറ്റ് ചെയ്തു.

കര്‍ഷകരും തൊഴിലാളികളും അനുഭവിക്കുന്ന നിലവിലെ പ്രശ്‌നങ്ങള്‍ പരിഹാരിക്കുന്നതിന് പകരം പിആര്‍ ജോലിയില്‍ ഏര്‍പ്പെടുന്നതിലാണ് മോദി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് രാഹുല്‍ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ കാര്‍ഷിക നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും കേന്ദ്രസര്‍ക്കാറിന്റെ കരിനിയമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയതാണ്.

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ദേശ വ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്. കര്‍ഷകരുടെ ദേശീയ പണിമുടക്കിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ ദേശീയ പാതയും റെയിലും ഉപരോധിച്ച് സമരാനുകൂലികള്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചു. പഞ്ചാബില്‍ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ റെയില്‍ പാളം ഉപരോധിച്ചതിനെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കി.

വിവിധ സംസ്ഥാനങ്ങളിലെ 12 സംഘടനകളാണ് കാര്‍ഷിക ബില്ലുകള്‍ പാസാക്കിയതിനെതിരെ പ്രക്ഷോഭ രംഗത്തുളളത്. കര്‍ണാടകയില്‍ സ്റ്റേറ്റ് ഫാര്‍മേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കര്‍ണാടക- തമിഴ്നാട് ഹൈവേയിലായിരുന്നു പ്രതിഷേധം. ബിഹാറില്‍ വ്യത്യസ്തമായ സമരമാണ് നടന്നത്. ട്രാക്ടറിന് പുറമെ പോത്തിന്റെ പുറത്തേറിയും കര്‍ഷകര്‍ സമരത്തിന് എത്തി. ആര്‍ജെഡി നേതാക്കളായ തേജസ്വി യാദവും തേജ് പ്രതാപ് യാദവും ട്രാക്ടറിന്റെ പുറത്തേറിയാണ് പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

ബന്ദിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബില്ലുകള്‍ക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ രാജ്യവ്യാപക പ്രക്ഷോഭത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. നേരത്തെ രാജ്യസഭയും ലോക്‌സഭയും പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹികരിച്ചിരുന്നു. 28ന് സംസ്ഥാന തലസ്ഥാനങ്ങളില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും രാജ്ഭവനുകളിലേക്കു പ്രകടനം നടത്തും. ജില്ലാ ആസ്ഥാനങ്ങളിലും പ്രകടനങ്ങള്‍ സംഘടിപ്പിക്കും. ഗാന്ധി ജയന്തി ദിനത്തില്‍ ജില്ലകളിലും അസംബ്ലി മണ്ഡലങ്ങളിലും ധര്‍ണ നടത്തും.

 

chandrika: