X
    Categories: indiaNews

സംഘ്പരിവാര്‍ നീക്കത്തിനെതിരെ ഐ.ഐ.എം അധ്യാപകര്‍

ബെംഗളൂരു: ഹിജാബ് വിവാദത്തിലും വസ്ത്ര ധാരണത്തിന്റെ പേരില്‍ വിദ്യാഭ്യാസം നിഷേധിക്കുന്നതിലും ആശങ്ക പ്രകടിപ്പിച്ച് ബെംഗളൂരു ഐ. ഐ.എമ്മിലെ അധ്യാപകരും അസം പ്രേംജി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളും രംഗത്ത്.

മതത്തിന്റെ പേരില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്നതും ഒരു മതത്തിന്റെ രീതികള്‍ മാത്രം സ്വീകാര്യമല്ലെന്ന് പറയുന്നതും അസ്വീകാര്യമാണെന്ന് ദേശീയ വനിതാ കമ്മീഷന് അയച്ച കത്തില്‍ ബെംഗളൂരു ഐ.ഐ.എമ്മിലെ അഞ്ച് ഫാക്വല്‍റ്റി അംഗങ്ങള്‍ വ്യക്തമാക്കി.വിഷയത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഉത്തരവാദിത്തമുള്ള വനിതാ കമ്മീഷന്‍ അടിയന്തരമായി ഇടപെണമെന്നും ഫാക്വല്‍റ്റി അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഹേമ സ്വാമിനാഥന്‍, ഋത്വിക് ബാനര്‍ജി, ദീപക് മല്‍ഘാന്‍, ദല്‍ഹിയ മണി, പ്രതീക് രാജ് എന്നിവരാണ് ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖാ ശര്‍മ്മക്ക് കത്തെഴുതിയത്. വിദ്യാഭ്യാസമാണ് സ്ത്രീ ശാക്തീകരണത്തിനുള്ള ഏറ്റവും ശക്തമായ ഉപകരണമെന്ന് ഇന്ത്യയിലും പുറത്തുമുള്ള കാര്യങ്ങള്‍ നോക്കിക്കണ്ടാല്‍ ബോധ്യമാകും. അതിന് തുരങ്കം വെക്കരുത്. ബേഠി പഠാവോ ബേഠി ബച്ചാ വോ മുദ്രാവാക്യം കൊണ്ടു മാത്രം കാര്യമില്ല.

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടുന്നതിനുള്ള അവസരം കൂടി ഉണ്ടാവണം. ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ രാജ്യത്തിന് ഒട്ടും ഭൂഷണമല്ല. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ മക്കളുടെ സുരക്ഷയില്‍ ഉത്കണ്ഠയുള്ള മാതാപിതാക്കള്‍ പെണ്‍കുട്ടികളെ സ്‌കൂളിലോ കോളജിലോ വിടില്ല. മുസ്്‌ലിം പെണ്‍കുട്ടികളെ മാത്രമല്ല അത് വിദ്യാഭ്യാസ മേഖലയില്‍ നിന്ന് അകറ്റുക. എല്ലാ സമുദായത്തിലും പെട്ട പെണ്‍കുട്ടികളെ ദോഷകരമായി ബാധിക്കും- കത്തില്‍ പറയുന്നു.

മതവിശ്വാസവും വസ്ത്രധാരണവും പൗരന്റെ മൗലികാവകാശമാണ്. ഇതിന്റെ പേരില്‍ വിദ്യാഭ്യാസം നിഷേധിക്കുന്നതിനോട് യോജിക്കാനാവില്ല. ജാതിയുടേയും മതത്തിന്റേയും ലിംഗത്തിന്റേയും പേരില്‍ വേര്‍തിരിവ് കാണിച്ച് രാജ്യപുരോഗതിക്ക് തടയിടരുത്. ബഹുസ്വര സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കേണ്ടത് ഭരണഘടനാ ബാധ്യതയാണെന്നും അസീം പ്രേംജി യൂണിവേഴ്‌സിറ്റിയിലെ 185 വിദ്യാര്‍ത്ഥികള്‍ ഒപ്പുവെച്ച പ്രസ്താവനയില്‍ പറയുന്നു.

Test User: