X
    Categories: CultureMore

‘അയാളെ തൊടരുത്…’ ലണ്ടന്‍ ഭീകരാക്രമണ പ്രതിയെ പോലീസെത്തും വരെ സംരക്ഷിച്ചത് പള്ളി ഇമാം

ലണ്ടന്‍: ലണ്ടനിലെ ഫിന്‍സ്ബറി പാര്‍ക്ക് മസ്ജിദില്‍ നിന്ന് തറാവീഹ് കഴിഞ്ഞ് മടങ്ങുകയായിരുന്നവര്‍ക്കു നേരെ വാഹനം ഇടിച്ചുകയറ്റിയ ഭീകരവാദിയെ പോലീസ് എത്തുന്നതുവരെ സംരക്ഷിച്ചത് പള്ളിയിലെ ഇമാം. ‘ഞാന്‍ എല്ലാ മുസ്ലിംകളെയും കൊല്ലാന്‍ പോവുകയാണ്’ എന്നാക്രോശിച്ച് കത്തിവീശിയ 48-കാരനായ വെള്ളക്കാരനെ സമീപത്തുള്ളവര്‍ കീഴ്‌പ്പെടുത്തിയിരുന്നു. സമീപപ്രദേശത്തെ മറ്റൊരു പള്ളിയിലെ ഇമാമായ മുഹമ്മദ് മഹ്മൂദിന്റെ സമയോജിത ഇടപെടലാണ് അക്രമിയുടെ ജീവന്‍ രക്ഷിച്ചതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്രുദ്ധരായ ആള്‍ക്കൂട്ടത്തോട് അക്രമിയെ തൊടരുതെന്ന് ആജ്ഞാപിച്ച ഇമാം, ആള്‍ക്കൂട്ടത്തെ സമാധാനിപ്പിക്കുകയും പോലീസെത്തുന്നതു വരെ അയാളെ സംരക്ഷിക്കുകയും ചെയ്തു. ഇമാമിന്റെ നടപടിയെ ‘മുസ്ലിം വെല്‍ഫെയര്‍ ഹൗസ്’ അനുമോദിച്ചു.

അതേസമയം, പോലീസ് അറസ്റ്റ് ചെയ്ത് വാനില്‍ കയറ്റിയ അക്രമി പുറത്തുള്ളവര്‍ക്കു നേരെ ഫ്‌ളയിംഗ് കിസ്സ് നല്‍കുകയും ‘എനിക്ക് എല്ലാ മുസ്ലിംകളെയും കൊല്ലണം; എന്റെ ജോലി ഞാന്‍ ചെയ്തു’ എന്ന് വിളിച്ചുകൂവുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ആക്രമണം ഭീകരപ്രവൃത്തിയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പ്രഖ്യാപിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ 12.20 ന് ഫിന്‍സ്‌ബെറിയിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തറാവീഹ് കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെ കുഴഞ്ഞുവീണ വൃദ്ധനെ സഹായിക്കുന്നവര്‍ക്കു നേരെയാണ് അക്രമി വാഹനം ഇടിച്ചുകയറ്റിയത്. ഇയാള്‍ക്കൊപ്പം രണ്ടുപേര്‍ കൂടി ഉണ്ടായിരുന്നതായും ഇവരുടെ കൈകളില്‍ കത്തികള്‍ ഉണ്ടായിരുന്നതായും മൊഴികളുണ്ട്. അതേസമയം, അക്രമിക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ പിടികൂടിയിട്ടില്ല. നേരത്തെ കുഴഞ്ഞുവീണ ആള്‍ തന്നെയാണോ മരിച്ചത് എന്ന കാര്യം വ്യക്തമല്ല.

ചന്ദ്രിക വെബ് ഡെസ്‌ക്‌: