X

ബിജെപിക്ക് വന്‍ തിരിച്ചടി: ഹരിയാനയിലേയും രാജസ്ഥാനിലേയും എംപിമാര്‍ രാജിവെച്ചു; കോണ്‍ഗ്രസില്‍ ചേരും

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ കൂടുമാറ്റങ്ങള്‍ തുടരുന്നു. ഹരിയാനയിലും രാജസ്ഥാനിലും ബിജെപിക്ക് തിരിച്ചടി നല്‍കി 2 എംപിമാര്‍ പാര്‍ട്ടി വിട്ടു. ഇരുവരും കോണ്‍ഗ്രസില്‍ ചേരും.

ഹരിയാനയിലെ ബിജെപി എംപി ബ്രിജേന്ദ്ര സിങാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. രാഷ്ട്രീയ കാരണങ്ങളാലാണ് രാജിവെച്ചതെന്ന് അദ്ദേഹം അറിയിച്ചു. ഹിസാര്‍ മണ്ഡലത്തില്‍നിന്നുള്ള എംപിയാണ് ബ്രിജേന്ദ്ര. പിതാവും മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ബിരേന്ദര്‍ സിങിനൊപ്പം ബ്രിജേന്ദ്ര കോണ്‍ഗ്രസില്‍ ചേരുന്നുണ്ട്.

 ബ്രിജേന്ദ്രയും പിതാവും ഗുസ്തി താരങ്ങളെ പിന്തുണച്ചും കര്‍ഷക സമരത്തെ പിന്തുണച്ചും നേരത്തെ രംഗത്തെത്തിയിരുന്നു. 2019-ല്‍ മൂന്ന് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബ്രിജേന്ദ്ര ഹിസാറില്‍ നിന്ന് വിജയിച്ചത്.

രാജസ്ഥാനില്‍ ചുരു മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എം.പി രാഹുല്‍ കസ്‌വാനാണ് പാര്‍ട്ടി വിട്ട മറ്റൊരു നേതാവ്. അദ്ദേഹവും ഇന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. ചുരുവില്‍ നിന്ന് തുടര്‍ച്ചയായി 2 തവണ വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചിട്ടുള്ള രാഹുല്‍ കസ് വാന് ബിജെപി ഇത്തവണ സീറ്റ് നല്‍കിയിരുന്നില്ല. ചുരുവില്‍നിന്ന് അദ്ദേഹം ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കും.

webdesk13: