X

22 ലക്ഷത്തിന്റെ കാര്‍ വേണമെന്ന് നാഗാലാന്‍ഡ് എം.എല്‍.എമാര്‍

ഗുവഹാത്തി: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും മുമ്പെ സഞ്ചരിക്കാന്‍ 22 ലക്ഷത്തിന്റെ ഇന്നോവ ക്രിസ്റ്റ വേണമെന്ന് നാഗാലാന്‍ഡിലെ ഒരു വിഭാഗം എം.എല്‍.എമാര്‍. പ്രതിപക്ഷ കക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ടിലെ 27 എം.എല്‍.എമാരില്‍ 11 പേരാണ് ഈ ആവശ്യം ഉന്നയിച്ചത്.
ഇക്കാര്യം വ്യക്തമാക്കി അസംബ്ലി കമ്മീഷണര്‍ക്കും സെക്രട്ടറിക്കും എം.എല്‍.എമാര്‍ നിവേദനവും നല്‍കി. എംഎല്‍എമാര്‍ക്ക് റെനോ ഡസ്റ്റര്‍ വാഹനം നല്‍കാന്‍ അസംബ്ലി സെക്രട്ടേറിയേറ്റ് തീരുമാനിച്ചെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഇവരുടെ കൂട്ടായ നീക്കം. പരിപാലന ചെലവുകള്‍ മുന്‍നിര്‍ത്തിയാണ് ഡെസ്റ്റര്‍ വേണ്ടെന്ന് വെച്ചതെന്നാണ് എം.എല്‍.എമാരുടെ വിശദീകരണം. സംസ്ഥാനത്തെ റോഡുകള്‍ക്ക് കൂടുതല്‍ അനുയോജ്യമായത് ഇന്നോവ ക്രിസ്റ്റയാണെന്നും ഇവര്‍ വാദിക്കുന്നു.
റെനോ ഡസ്റ്ററിന് 13 ലക്ഷത്തോളം രൂപയാണ് വില. ഇന്നോവ ക്രിസ്റ്റ മോഡലിനാവട്ടെ വില 22 ലക്ഷത്തോളം വരും. 2003 മുതല്‍ ഭരണപക്ഷത്തായിരുന്ന നാഗാ പീപ്പിള്‍സ് ഫ്രണ്ട് നേരത്തെ ബി.ജെ.പി സഖ്യത്തിലായിരുന്നു. എന്നാല്‍ ഇക്കുറി നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി ചേര്‍ന്നാണ് ബി.ജെ. പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ സഖ്യം അധികാരം നേടുകയും ചെയ്തിരുന്നു.

chandrika: