X
    Categories: keralaNews

പയ്യന്നൂരില്‍ രക്തസാക്ഷി ഫണ്ടിലും തിരിമറി

CPIM FLAG

പയ്യന്നൂരില്‍ സിപിഎം ഏരിയ കമ്മിറ്റി കെട്ടിട നിര്‍മാണത്തിന്റെ ഫണ്ട് തട്ടിയതിനു പിന്നാലെ രക്തസാക്ഷി ഫണ്ടിലും തിരിമറി നടന്നതായി ആരോപണം ശക്തം. ഡിവൈഎഫ്‌ഐ നേതാവിന്റെ കുടുംബത്തെ സഹായിക്കാന്‍ പിരിച്ച തുകയാണ് പയ്യന്നൂരിലെ നേതൃത്വം തിരിമറി നടത്തിയതെന്നാണ് ആരോപണം ഉയര്‍ന്നത്. ഏരിയ കമ്മിറ്റി ഓഫീസിനായി പിരിച്ച ഒരുകോടി തട്ടിയ സംഭവത്തില്‍ ആരോപണവിധേയനായ എംഎല്‍എയെ രക്ഷിക്കാനുള്ള നീക്കം നടക്കുന്നു.

ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അന്വേഷണ സമിതി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്‌തെങ്കിലും എംഎല്‍എയെ രക്ഷിക്കാനുള്ള നീക്കമാണെന്ന ആരോപണം ഉയരുന്നുണ്ട്. ഏരിയ സെക്രട്ടറിക്കും ജില്ലയിലെ ഒരു എംഎല്‍എക്കുമാണ് സംഭവത്തില്‍ പങ്ക് എന്നാണ് വിലയിരുത്തല്‍. എന്നാല്‍, എംഎല്‍എയ്‌ക്കെതിരെ നടപടിയെടുത്താല്‍ ഭരണത്തിന്റെ പ്രഭ കെടുത്തുമെന്നും ഇതിനാല്‍ ഏരിയ കമ്മിറ്റിയിലെ ചിലര്‍ക്കെതിരെ നടപടിയെടുത്ത് പ്രശ്‌നം ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

രക്തസാക്ഷി കുടുംബത്തെസഹായിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പിരിച്ച തുകയുടെ ബാക്കി ബാങ്കില്‍ നിക്ഷേപിക്കുകയും പിന്നീട് കുടുംബം പോലും അറിയാതെ പിന്‍വലിച്ചു എന്നാണ് ആരോപണം. എന്നാല്‍ ഈകാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ സിപിഎം തയ്യാറായിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഫണ്ട് പിരിവും ഏരിയ കമ്മിറ്റി കെട്ടിടത്തിനായി നടത്തിയ ചിട്ടിയുമായി ബന്ധപ്പെട്ടാണ് ഒരു കോടി രൂപയുടെ അഴിമതി പരാതി ഉയര്‍ന്നത്. ആദ്യഘട്ടത്തില്‍ ഒതുക്കിത്തീര്‍ക്കാനുള്ള നീക്കം നടന്നെങ്കിലും ഏരിയ സമ്മേളനത്തില്‍ ആരോപണം ശക്തമായതോടെ പാര്‍ട്ടി അന്വേഷണ സമിതിയെ നിയമിച്ചിരുന്നു. ടിവി രാജേഷ്,പിവി ഗോപിനാഥ് എന്നിവരടങ്ങുന്ന സമിതി ദിവസങ്ങള്‍ക്കു മുമ്പാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ആരോപണ വിധേയനായ എംഎല്‍എയെ രക്ഷിക്കാനുള്ള നീക്കമാണ് ജില്ലാ നേതൃത്വം നടത്തുന്നതെന്നാണ് അണികളുടെ വിലയിരുത്തല്‍. പാര്‍ട്ടി അണികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഇത് വലിയ ചര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്.

ഏരിയാ കമ്മിറ്റി കെട്ടിട നിര്‍മാണത്തിനായി 15000 പേരില്‍ നിന്ന് 1000 രൂപ വീതം ശേഖരിച്ചാണ് ചിട്ടി നടത്തിയത്. പിരിച്ചെടുത്ത തുക ചിട്ടിക്കണക്കില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് ആരോപണം.തിരഞ്ഞെടുപ്പ് ഫണ്ടിന്റെ കണക്ക് പരിശോധനയില്‍ രണ്ട് റസീറ്റ് ബുക്കിന്റെ കൗണ്ടര്‍ ഫോയില്‍ തിരിച്ചെത്തിയില്ലെന്ന് കണ്ടെത്തിയിരുന്നു. ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മറ്റൊരു പ്രസില്‍ നിന്ന് അച്ചടിച്ചത് എത്തിക്കുകയായിരുന്നു.ചില നേതാക്കളുടെ അറിവോടെ നടന്ന ക്രമക്കേടുകള്‍ എതിര്‍വിഭാഗത്തിന്റെ ഇടപെടലിലൂടെയാണ് പുറത്തറിഞ്ഞത്.

Chandrika Web: