X

ആദ്യ ഘട്ട പരിശോധനയില്‍ തന്നെ ഇ.വി.എമ്മുകള്‍ കൂട്ടത്തോടെ തകരാറില്‍; തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ ആശങ്ക

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ ആദ്യ ഘട്ട പരിശോധനയില്‍ വലിയ തോതില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ (ഇ.വി.എം) പരാജയപ്പെട്ടതായി വിവിധ വിവരാവകാശ രേഖകള്‍.ഇ.വി.എമ്മിന്റെ ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ അഥവാ വി.വിപാറ്റ് എന്നിവയില്‍ തുടക്കത്തില്‍ നടത്തുന്ന സാങ്കേതികപരമായ പരിശോധനയാണ് ആദ്യഘട്ട പരിശോധന എന്ന് പറയുന്നത്.

ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ ജില്ലാതലത്തില്‍ ആറുമാസം വരെ നീണ്ടുനില്‍ക്കുന്ന പ്രക്രിയ നടത്തുന്നത് എന്‍ജിനീയര്‍മാരാണ്. പരിശോധനയ്ക്കിടയില്‍ ഏതെങ്കിലും ഈവിഎം തകരാറില്‍ ആണെന്ന് കണ്ടെത്തിയാല്‍ അത് നിമാതാക്കളായ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിനോ ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിനോ തകരാറ് പരിഹരിക്കാനായി കൈമാറും.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം ഇ.വി.എമ്മുകള്‍ പണിമുടക്കിയത് വലിയ രാഷ്ട്രീയ കോളിളക്കത്തിലേക്ക് നയിച്ചിരുന്നു.എന്നാല്‍ ആദ്യഘട്ട പരിശോധനയില്‍ സംസ്ഥാനങ്ങളില്‍ വി.വിപാറ്റുകളിലും കണ്ട്രോള്‍ യൂണിറ്റുകളിലും വലിയ തോതില്‍ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്‌സ് ഇനിഷ്യേറ്റീവിന്റെ ഡയറക്ടര്‍ വെങ്കിടേഷ് നായകിന് ലഭിച്ച രേഖകളില്‍ വ്യക്തമാക്കുന്നു.

ഭാരത് ഇലക്ട്രോണിക്‌സോ ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയോ സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചില്ല.നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, ആന്ധ്രാപ്രദേശ്, ബീഹാര്‍, കര്‍ണാടക, കേരളം എന്നിവിടങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസുകളില്‍ നിന്ന് മെഷീനുകള്‍ വലിയതോതില്‍ തകരാറായതിനെ തുടര്‍ന്ന് കൂടുതല്‍ മെഷീനുകള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

2018ല്‍ ഉത്തരാഖണ്ഡില്‍ നിന്നും ദല്‍ഹിയില്‍ നിന്നും 2019ല്‍ ആന്തമാന്‍ നിക്കോബാറില്‍ നിന്നും ഈ എമ്മിലെ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ വോട്ടിംഗ് മെഷീന്‍ നിര്‍മിക്കുന്ന ഭാരത് ഇലക്ട്രോണിക്‌സ് നിയന്ത്രിക്കുന്നത് ബി.ജെ.പി നേതാക്കളാണെന്ന് മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി ഇ.എ.എസ്. ശര്‍മ ആരോപിച്ചിരുന്നു.

ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ബി.ജെ.പിയുടെ നേതാക്കളെ ഭാരത് ഇലക്ട്രോണിക്‌സ് നിയന്ത്രിക്കുന്ന ബോര്‍ഡില്‍ നിന്ന് പിന്‍വലിക്കണം എന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇ.എ.എസ് ശര്‍മ ആവശ്യപ്പെട്ടിരുന്നു.

 

webdesk13: