X

തങ്ങള്‍ കുടുംബത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ സ്മരിച്ച് കുഞ്ഞാലിക്കുട്ടി നിയമസഭയില്‍

തിരുവനന്തപുരം:ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ പോര്‍വീര്യവുമായി ജനങ്ങളെ നയിച്ചവരില്‍ അനുസ്മരിക്കപ്പെടേണ്ടവരാണ് പാണക്കാട് സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍, മമ്പുറം സയ്യിദലവി തങ്ങള്‍, മമ്പുറം സയ്യിദ് ഫസല്‍ തങ്ങള്‍ തുടങ്ങിയവരെന്ന് പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ പറഞ്ഞു.

ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളെ ജനകീയമാക്കി തീര്‍ത്തവരാണവര്‍.പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ ബ്രിട്ടീഷ് ആധിപത്യത്തിനെതിരില്‍ നടന്ന, ബഹുജന സായുധ പോരാട്ടങ്ങളുടെ മുന്നില്‍ നിലയുറപ്പിച്ചവരായിരുന്നു തങ്ങള്‍ കുടുംബം. തൃക്കളൂര്‍ കലാപത്തിന് ഊര്‍ജ്ജം പകര്‍ന്ന കുറ്റം ചുമത്തിയാണ് പാണക്കാട് സയ്യിദ് ഹുസൈന്‍ ആറ്റക്കോയതങ്ങളെ വെല്ലൂരിലേക്ക് നാട് കടത്തിയത്. ആ ശിക്ഷാ കാലയളവില്‍ തങ്ങള്‍ വെല്ലൂരില്‍ മരണമടഞ്ഞു.

അദ്ദേഹത്തിന്റെ പൗത്രനാണ് ദേശീയ പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് വന്ന മുസ്‌ലിം ലീഗ് അധ്യക്ഷനായിരുന്ന പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങള്‍.മമ്പുറം സയ്യിദ് അലവി തങ്ങള്‍ ഇംഗ്ലീഷ് സൈന്യത്തിനെതിരെ ചേറൂരില്‍ യുദ്ധ സമാനമായ ഏറ്റുമുട്ടലിനു നേതൃത്വം നല്‍കി.അദ്ദേഹത്തിന്റെ പുത്രനും ധീര നായകനുമായിരുന്ന സയ്യിദ് ഫസല്‍ തങ്ങളെ മക്കയിലേക്ക് നാടുകടത്തി.ഇങ്ങനെ ജീവിതം തന്നെ രാജ്യ സ്വാതന്ത്ര്യത്തിനു സമര്‍പ്പിച്ച ആത്മീയ വ്യക്തിത്വങ്ങളും പണ്ഡിതന്മാരും സാധാരണക്കാരും ഏറെയുണ്ട്. സമര സ്മരണകളിലും ചരിത്രത്തിലും ആ പേരുകള്‍ അഭിമാനത്തോടെ എടുത്തു പറയേണ്ടതുണ്ടെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി

web desk 3: