X

വൈദ്യുതി, പാചകവാതകം, അവശ്യസാധന വിലവര്‍ധന; പൊറുതിമുട്ടി പൊതുജനം

മലപ്പുറം: കേരള മുഖ്യമന്ത്രിയും മന്ത്രിമാരും കേരളീയം കൂടി ആഘോഷിക്കുമ്പോള്‍ പൊതുജനം പെരുവഴിയില്‍ വലയുന്നു. വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവും അവശ്യസാധനങ്ങളുടെ വിലകയറ്റവും പചക വാതക വില വര്‍ധനവുമാണ് പൊതുജനങ്ങളുടെ നടുവൊടിക്കുന്നത്. വലിയ ഉള്ളി ഉള്‍പ്പെടെ പച്ചക്കറികള്‍ക്ക് ദിനംപ്രതി വില കൂടിക്കൊണ്ടിരിക്കുകയാണ്. അതിനൊപ്പമാണ് കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബിയുടെ കടം തീര്‍ക്കാന്‍ ഗാര്‍ഹിക വൈദ്യുതിക്ക് നിരക്ക് കൂട്ടിയത്. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകള്‍ക്ക് 102 രൂപയാണ് വര്‍ധിച്ചത്.

പച്ചക്കറി വാങ്ങാന്‍ പുറത്തിറങ്ങിയാല്‍ കീശ കാലിയാകുമെന്ന സ്ഥിതിയാണ് നിലവില്‍. വലിയ ഉള്ളിയാണ് ഇപ്പോല്‍ വിലയില്‍ കേമന്‍. അരി, ചെറുപയര്‍, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങിയ സാധനങ്ങള്‍ക്കും ദിനംപ്രതി വില ഉയരുകയാണ്. രണ്ടാഴ്ചയ്ക്കിടെ ഉള്ളിയുടെയും ഇഞ്ചിയുടെയും വില ഇരട്ടിയായി. വലിയ ഉള്ളി 70 ലും ചെറിയ ഉള്ളി 140 ലും എത്തിയിരിക്കുകയാണിപ്പോള്‍. പൊതുവിപണിയിലെ വില വര്‍ധനവില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ തുടങ്ങിയ സപ്ലൈകോയുടെ സ്ഥിതിയും കഷ്ടത്തിലാണ്. സപ്ലൈകോയില്‍ ലഭ്യമാക്കിയിരുന്ന 13 ഇന സബ്‌സിഡി ഇനങ്ങള്‍ ലഭിക്കേണ്ടിടത്ത് മൂന്നു ഇനങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധനവ് കാര്യമായി ബാധിച്ചിരിക്കുന്നത് ഹോട്ടലുകളെയാണ്.

അവശ്യസാധനങ്ങള്‍ക്ക് പുറമെ പാചകവാതകത്തിനും വില വര്‍ധിച്ചതോടെ പല ഹോട്ടലുകളുടെയും അവസ്ഥ പരിതാപകരമാണ്. അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ പല ഹോട്ടലുകളും അടച്ചിടേണ്ടി വരുമെന്ന് തീര്‍ച്ചയായി. വര്‍ധനവിന് ശേഷം ഗ്യാസ് കുറ്റി ഒന്നിന് 1842 രൂപയായി ഉയര്‍ന്നു. ഇത് ഒരിക്കലും താങ്ങാനാവാത്തതാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതുപോലെ കുടുംബശ്രീ നടത്തുന്ന ജനകീയ ഹോട്ടലില്‍ ഉച്ചയൂണും മുടങ്ങുന്ന അവസ്ഥയിലേക്കാണ്. വന്‍കിട ഹോട്ടലുകള്‍ 80 ഉം 90 ഉം രൂപക്ക് ഉച്ചയൂണ് നല്‍കുമ്പോള്‍ 30 രൂപക്കാണ് ഇവര്‍ നല്‍കുന്നത്. വിലക്കയറ്റം മൂലം ഇത്ര ചെറിയ തുകക്ക് ഭക്ഷണം നല്‍കാനാവില്ലെന്നാണ് ഹോട്ടല്‍ നടത്തിപ്പുകാര്‍ പറുന്നത്. യൂണിറ്റിന് 15 മുതല്‍ 60 പൈസ വരെയാണ് വൈദ്യുതി ചാര്‍ജ്ജ് വര്‍ധിച്ചിരിക്കുന്നത്. ഫിക്‌സഡ് ചാര്‍ജ്ജ് 5 രൂപ മുതല്‍ 50 രൂപവരെ വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കേരളീയവുമായി പിണറായിയും പരിവാരങ്ങളും ധൂര്‍ത്തിന്റെ കേരളീയ മോഡല്‍ പണിയുമ്പോള്‍ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പെടാപ്പാട് പെടുകയാണ് കേരളം.

webdesk11: