X

മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ ആയിരത്തിലേറെ അണക്കെട്ടുകള്‍ ഭീഷണിയെന്ന് യുഎന്‍

ഡല്‍ഹി: മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ ആയിരത്തിലേറെ അണക്കെട്ടുകള്‍ ലോകത്തിന് ഭീഷണിയെന്ന് ഐക്യരാഷ്ട്രസഭ. പഴക്കമേറിയ ഡാമുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ ആയിരത്തിലേറെ അണക്കെട്ടുകള്‍ ഇടംപിടിച്ചത്. വലിയ കോണ്‍ക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി ആയുസ്സ് 50 കൊല്ലമാണെന്ന് കണക്കാക്കിയാണ് യുഎന്‍ മുന്നറിയിപ്പു നല്‍കുന്നത്.

2025 ആകുമ്പോള്‍ ഇന്ത്യയിലെ ആയിരത്തിലേറെ അണക്കെട്ടുകള്‍ ഈ കാലപരിധി പിന്നിടും. കേരളത്തിലെ മുല്ലപ്പെരിയാറാകട്ടെ നൂറുകൊല്ലത്തിലേറെ മുമ്പ് പണിതതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ അണക്കെട്ട് തകര്‍ന്നാല്‍ 35 ലക്ഷംപേര്‍ അപകടത്തിലാകും. അണക്കെട്ട് ഭൂകമ്പസാധ്യതാപ്രദേശത്താണെന്നും ഘടനാപരമായ പ്രശ്‌നങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ കേരളവും തമിഴ്‌നാടും തമ്മിലുള്ള തര്‍ക്കവും പരാമര്‍ശിച്ചിട്ടുണ്ട്.

പഴക്കമേറുന്ന ജലസംഭരണികള്‍: ഉയര്‍ന്നുവരുന്ന ആഗോളഭീഷണി എന്ന പേരില്‍ യുഎന്‍ സര്‍വകലാശാലയുടെ കാനഡ ആസ്ഥാനമായുള്ള ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്താ’ണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 2025ഓടെ 50 വര്‍ഷം പഴക്കമെത്തുന്ന 1115ലേറെ വലിയ അണക്കെട്ടുകള്‍ ഇന്ത്യയിലുണ്ട്. 2050ഓടെ ഇത് 4250 എണ്ണമാവും. 64 വലിയ അണക്കെട്ടുകള്‍ക്ക് 2050ഓടെ 150 വര്‍ഷം പഴക്കമാകും.

ലോകത്തെ ഏറ്റവുംവലിയ 58,700 വലിയ അണക്കെട്ടുകളില്‍ ഭൂരിഭാഗവും 1930നും 1970നുമിടയില്‍ നിര്‍മിച്ചവയാണ്. 50മുതല്‍ 100വരെ വര്‍ഷം കാലാവധിയുള്ളവയാണവ. 20ാം നൂറ്റാണ്ടിലെപ്പോലെ മറ്റൊരു അണക്കെട്ടുനിര്‍മാണവിപ്ലവം ലോകത്തുണ്ടാകാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 

web desk 3: