X
    Categories: Views

പാകിസ്താനുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളില്‍ നിന്ന് ഇന്ത്യ പിന്മാറി

കുല്‍ഭൂഷണ്‍ യാദവ്‌

ന്യൂഡല്‍ഹി: മുന്‍ നാവികസേനാ ഓഫീസര്‍ കുല്‍ഭുഷണ്‍ യാദവിന്റെ വധശിക്ഷ നടപ്പിലാക്കാനുള്ള പാകിസ്താന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഉഭയകക്ഷി ചര്‍ച്ചകളില്‍ നിന്ന് ഇന്ത്യ പിന്മാറി. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറലും പാകിസ്താന്‍ മരിടൈം സെക്യൂരിറ്റി ഏജന്‍സി തലവനും തമ്മില്‍ തിങ്കളാഴ്ച ആരംഭിക്കാനിരുന്ന ചര്‍ച്ചയാണ് ഇന്ത്യ ഉപേക്ഷിച്ചത്. പാകിസ്താന്‍ പ്രതിനിധിയുടെ ഇന്ത്യാ സന്ദര്‍ശനവും ജല സെക്രട്ടറിതല ചര്‍ച്ചകളും റദ്ദാക്കിയേക്കുമെന്നാണ് സൂചന.

ഇന്ത്യന്‍ നാവിക സേനയില്‍ നിന്ന് വിരമിച്ച ജാദവിനെതിരെ കഴിഞ്ഞ മാസമാണ് പാകിസ്താനിലെ സൈനിക കോടതി വധശിക്ഷക്ക് വിധിച്ചത്. ഇന്ത്യന്‍ ഏജന്‍സിയായ ‘റിസര്‍ച്ച് ആന്റ് അനാലിസിസ് വിങി’ന്റെ (റോ) ചാരനാണ് കുല്‍ഭൂഷണ്‍ ജാദവ് എന്നാണ് പാകിസ്താന്‍ ആരോപിക്കുന്നത്. അതേസമയം, കുല്‍ഭൂഷണ്‍ സര്‍വീസില്‍ നിന്ന് വിമിരച്ച ശേഷം കേന്ദ്ര സര്‍ക്കാറുമോ ഇന്റലിജന്‍സ് സംവിധാനങ്ങളുമായോ ബന്ധം പുലര്‍ത്തുന്നില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്. ഇക്കാര്യം തെളിവു സഹിതം ഉന്നയിച്ചെങ്കിലും പാകിസ്താന്‍ വഴങ്ങിയിട്ടില്ല.

അതിനിടെ, പാക് അധീന കശ്മീരില്‍ നിന്ന് റോ ഏജന്റുമാരെന്ന് കരുതുന്ന മൂന്നു പേരെ അറസ്റ്റ് ചെയ്തതായി പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാക് അധീന കശ്മീരിലെ അബ്ബാസ്പൂര്‍ സ്വദേശികളായ ഇവരെ റാവല്‍കോട്ടില്‍ മാധ്യമങ്ങള്‍ക്കു മുമ്പാകെ പ്രദര്‍ശിപ്പിച്ചു. കഴിഞ്ഞ വര്‍ഷം അബ്ബാസ്പൂര്‍ പോലീസ് സ്‌റ്റേഷനു പുറത്തുണ്ടായ സ്‌ഫോടനത്തിന്റെ ആസൂത്രകര്‍ ഇവരാണെന്ന് പാകിസ്താന്‍ പറയുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: