X
    Categories: MoreViews

ഇന്ത്യയ്ക്ക് ഒമ്പത് റണ്‍സ് തോല്‍വി; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഇംഗ്ലണ്ടിന്

ലോര്‍ഡ്‌സ്: ലോര്‍ഡ്‌സിലെ കളിമൈതാനത്ത് പ്രതീക്ഷിച്ചത് ഒരു ചരിത്രമുഹൂര്‍ത്തമായിരുന്നു എന്നാല്‍, ക്രിക്കറ്റിന്റെ കളിത്തൊട്ടില്‍ സാക്ഷ്യം വഹിച്ചത് ഒരു ഇന്ത്യന്‍ ദുരന്തത്തിന്.  ചരിത്രനിമിഷം കാത്തിരുന്ന ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് ക്രിക്കറ്റില്‍ പടിക്കല്‍ കലമുടച്ചു. അനായാസം ജയിക്കുമായിരുന്ന ഫൈനലില്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ ഇന്ത്യ ആറു വട്ടം കിരീടമണിഞ്ഞ ആതിഥേയരായ ഇംഗ്ലണ്ടിനോട് ഒന്‍പത് റണ്‍സിനാണ് തോറ്റത്. ജയിക്കാന്‍ 50 ഓവറില്‍ി 229 റണ്‍സ് മാത്രം മതിയായിരുന്ന ഇന്ത്യ 48.4 ഓവറില്‍ 219 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു

ടീം സ്‌കോര്‍ അഞ്ച് റണ്‍സില്‍ നില്‍ക്കെ റണ്ണൊന്നുമെടുക്കാത്ത ഓപ്പണര്‍ സ്മൃതി മന്ദനയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. നാലു പന്ത് മാത്രം നേരിട്ട, ഇന്ത്യയുടെ വലിയ പ്രതീക്ഷയായിരുന്ന സ്മൃതിയെ അന്യ ശ്രുബ്‌ഷോലെ ബൗള്‍ഡാക്കുകയായിരുന്നു. ടീമിന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്ന ക്യാപ്റ്റന്‍ മിതാലി 31 പന്തില്‍ നിന്ന് 17 റണ്‍സ് എടുത്താണ് പുറത്തായത്.

എന്നാല്‍, ഇതിനുശേഷം ഒന്നിച്ചു ചേര്‍ന്ന പൂനം റാവത്തും ഹര്‍മന്‍പ്രീത് കൗറും മെല്ലെ ടീമിനെ കരകയറ്റാന്‍ ശ്രമിച്ചു. ഇരുവരും ചേര്‍ന്നാണ് ടീമിനെ നൂറ് റണ്‍സ് കടത്തിയത. എന്നാല്‍, മുപ്പത്തിനാലാം ഓവറില്‍ ഹര്‍മന്‍പ്രീത് കൗറിന്റെ വിക്കറ്റ് നഷ്ടമായത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി. 80 പന്തില്‍ നിന്ന് 51 റണ്‍സാണ് കൗര്‍ നേടിയത്. മൂന്നാം വിക്കറ്റില്‍ 95 റണ്‍സ് ചേര്‍ത്താണ് ഹാര്‍ട്‌ലിയുടെ പന്തില്‍ ബ്യൂമോണ്ടിന് ഒരു അനായാസ ക്യാച്ച് നല്‍കി കൗര്‍ മടങ്ങിയത്. കൂട്ടുകാരി വിക്കറ്റ് കളഞ്ഞ് മടങ്ങുമ്പോള്‍ 87 പന്തില്‍ നിന്ന് 63 റണ്‍സെടുത്തുനില്‍ക്കുകയാണ് ഓപ്പണര്‍ റാവത്ത്

ആദ്യം ബാറ്റ് ചെയ്ത ആതിഥേയരെ അച്ചടക്കമുള്ള ബൗളിംഗിലൂടെ നിയന്ത്രിച്ചാണ് ഇന്ത്യ എത്തിപ്പിടിക്കാവുന്ന ടോട്ടലില്‍ കളി അവസാനിപ്പിച്ചത്. 23 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ ഝുലന്‍ ഗോസ്വാമിയും രണ്ടു പേരെ പുറത്താക്കിയ പൂനം യാദവും ബൗളിംഗില്‍ തിളങ്ങി. 51 റണ്‍സെടുത്ത നതാലി ഷിവര്‍ ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

chandrika: