X
    Categories: NewsViews

പാക് പ്രസ്താവനകള്‍ നിരുത്തരവാദപരമെന്ന് ഇന്ത്യ; പാകിസ്താന്‍ ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നു

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്ന വിധത്തില്‍ പാകിസ്ഥാന്‍ അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പാകിസ്ഥാന്‍. ഇത് തുടരരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ആര്‍ട്ടിക്ള്‍ 370 നീക്കിയതിനെതിരെയുള്ള പാകിസ്താന്റെ വാദങ്ങള്‍ നിരുത്തരവാദപരമാണെന്ന് വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. സ്വന്തം സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യ സജ്ജമാണെന്ന് വിദേശകാര്യവക്താവ് രവീഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യ ജമ്മുകശ്മീരില്‍ മനുഷ്യാവകാശലംഘനം നടത്തുകയാണെന്നും ഇക്കാര്യം എല്ലാ അന്താരാഷ്ട്ര വേദികളിലും ഉയര്‍ത്തുമെന്നും കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പറഞ്ഞിരുന്നു.

‘പാക് നേതാക്കളുടെയും മറ്റുള്ളവരുടെയും പ്രസ്താവനകളെ ശക്തിയായി അപലപിക്കുന്നു. ഇന്ത്യയില്‍ ജിഹാദും അക്രമവും നടത്താനുള്ള ആഹ്വാനമുള്‍പ്പെടെയുള്ള പ്രസ്താവനകള്‍ ഉയരുന്നുണ്ട്. കശ്മീരില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്ന് അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണിത്. പാകിസ്താന്‍ നുണപറയുകയാണെന്ന് അന്താരാഷ്ട്രസമൂഹം തിരിച്ചറിയുന്നുണ്ടെന്ന് അവര്‍ മനസ്സിലാക്കണം’ രവീഷ് കുമാര്‍ പറഞ്ഞു.

ഭീകരത രാഷ്ട്രനയമാക്കിയ രാജ്യമാണ് പാകിസ്താന്‍. ഇന്ത്യയിലേക്ക് പാകിസ്താന്‍ ഭീകരത കയറ്റി അയക്കുകയാണ്. പാകിസ്താനിലെ മനുഷ്യാവകാശ മന്ത്രി ഷിരീന്‍ എം. മസാരി ഇന്ത്യക്കെതിരെ ഐക്യരാഷ്ട്ര സഭക്കെഴുതിയ കത്തിന് കടലാസിന്റെ വില പോലും കല്‍പ്പിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

web desk 1: