X

കണക്ക് തീര്‍ക്കാന്‍ ‌ഇന്ത്യ; സെമിഫൈനലില്‍ ഇന്ന് ന്യൂസീലന്‍ഡിനെ നേരിടും

ക്രിക്കറ്റ് ലോകകപ്പില്‍ ആദ്യ സെമിയില്‍ ഇന്ത്യ ഇന്ന് ശക്തരമായ ന്യൂസീലന്‍ഡിനെ നേരിടും.2019ലെ സെമിഫൈനല്‍ തോല്‍വിക്ക് സ്വന്തം മണ്ണില്‍ കണക്ക് തീര്‍ക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ബാറ്റിങ്ങിനെ തുണയ്ക്കുന്ന വാംഖഡയിലെ പിച്ചില്‍ ടോസ് നിര്‍ണായകമാകും. ഇന്ത്യ കരുത്തരെങ്കിലും ജയിക്കാന്‍ കഴിയുമെന്ന് കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ വ്യക്തമാക്കി.

സ്വപ്നതുല്യമായൊരു യാത്രയിലാണ് ഇന്ത്യന്‍ ടീം. ഏറെ നാളത്തെ പരീക്ഷണള്‍ക്ക് ശേഷം രാകിമിനുക്കപ്പെട്ടെരു സംഘം ഒന്‍പത് തുടര്‍ജയങ്ങളുടെ കരുത്തിലാണ് സെമിഫൈനലിനിറങ്ങുന്നത്. 12 വര്‍ഷത്തെ കിരീടവരള്‍ച്ചയ്ക്ക് അറുതികുറിക്കുക എന്നത് മാത്രമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെയും സംഘത്തിന്റെയും ലക്ഷ്യം. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും, നയിക്കുന്ന ബാറ്റിങ് നിര ബൗളര്‍മാരുടെ പേടിസ്വപ്നമാണ്.

ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍,സൂര്യകുമാര്‍ യാദവ്. ഈ ലോകകപ്പില്‍ ബൗളര്‍മാര്‍ക്ക് ദുസ്വപ്നങ്ങള്‍ മാത്രം സമ്മാനിച്ച ബാറ്റര്‍മാര്‍. ഇതുവരെ കണ്ടിട്ടില്ലാത്ത പേസ് ബൗളിങ് മാസ്മരികത ആരാധകര്‍ക്ക് സമ്മാനിച്ച ബുംറയും, സിറാജും, ഷമിയും വാംഖഡെയില്‍ ഒരിക്കല്‍ക്കൂടി തീതുപ്പുമെന്ന് പ്രതീക്ഷിക്കാം. ജഡേജയും, കുല്‍ദീപും ഫോം തുടര്‍ന്നാല്‍ ന്യുസീലന്‍ഡ് തകര്‍ന്ന് തരിപ്പണമാകും.

ക്രിക്കറ്റിലെ അതിസമര്‍ഥരായ കിവീസാണ് നീലപ്പടയെ വെല്ലുവിളിക്കാന്‍ എത്തുന്നത്. കെയ്ന്‍ വില്യംസന്റെ തിരിച്ചുവരവോടെ ബാറ്റിങ് നിര സന്തുലിതമായിട്ടുണ്ട്. രചിന്‍ രവീന്ദ്രയുടെ റണ്‍മഴ മുംബൈയിലും കിവീസ് കൊതിക്കുന്നു. ട്രെന്റ് ബോള്‍ട്ട് നേതൃത്വം നല്‍കുന്ന ബൗളിങ് നിര താളംകണ്ടെത്തിയാലെ ന്യൂസീലന്‍ഡിന് രക്ഷയുളളു.

ടോസ് നിര്‍ണായകമല്ലെന്ന് രോഹിത് ശര്‍മ്മ പറയുമ്പോഴും, ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്ക് മുന്‍തൂക്കം ലഭിക്കുമെന്നത് വസ്തുതയാണ്. ഉച്ചവെയിലില്‍ ബാറ്റിങ് കൂടുതല്‍ എളുപ്പമാണ്. ഫ്‌ലഡ്ലൈറ്റുകള്‍ക്ക് കീഴിലെ ബൗളിങ് ബാറ്റ് ചെയ്യുന്നവര്‍ക്ക് വെല്ലുവിളിയാണ്. പന്ത് കൃത്യമായി സ്വിങ് ചെയ്യും. ഇരു ടീമിലും മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ഇന്ത്യന്‍ പടയോട്ടം മുംബൈയിലും, തുടരുമോ, 2019ലെ നാടകീയത ആവര്‍ത്തിക്കുമോ. കാത്തിരിക്കാം ക്ലാസിക് പോരിനായി.

 

webdesk13: