X

എന്ത് ബഹിഷ്‌കരണം? അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടെ ചൈനീസ് നിയന്ത്രിത ബാങ്കുകളില്‍ നിന്ന് 9202 കോടി വായ്പയെടുത്ത് മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്കും ചൈനീസ് ഉത്പന്ന ബഹിഷ്‌കരണങ്ങള്‍ക്കും മധ്യേ ചൈനയുടെ നിയന്ത്രണത്തിലുള്ള രണ്ട് ബാങ്കുകളില്‍ നിന്ന് 1350 മില്യണ്‍ യുഎസ് ഡോളറിന്റെ (ഏകദേശം 9202 കോടി ഇന്ത്യന്‍ രൂപ) വായ്പയെടുത്ത് മോദി സര്‍ക്കാര്‍.

ജൂണ്‍ 19ന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വസ്റ്റ്‌മെന്റ് ബാങ്ക് (എഐഐബി)യില്‍ നിന്നായിരുന്നു ആദ്യ വായ്പ. പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജ്‌നയുടെ പദ്ധതികളുമായി ബന്ധപ്പെട്ട് 750 ദശലക്ഷം യുഎസ് ഡോളറിന്റെ (5521 കോടി) വായ്പാ കരാര്‍ ആണ് ഒപ്പുവച്ചത്. ബീജിങ് ആസ്ഥാനമായ ബാങ്കിന്റെ ഏറ്റവും വലിയ ഓഹരിയുടമ ചൈനയാണ്. ലഡാകിലെ ഗല്‍വാന്‍ താഴ്‌വരയില്‍ 20 ഇന്ത്യന്‍ പട്ടാളക്കാരെ ചൈന വകവരുത്തിയതിന് നാലു ദിവസങ്ങള്‍ക്കകമായിരുന്നു ഈ വായ്പാ കരാര്‍. ജൂണ്‍ 15നായിരുന്നു ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നത്.

ജൂലൈ 29ന് ഇതിനുള്ള പ്രതികാര നടപടിയെന്ന നിലയില്‍ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചു. കേന്ദ്രസര്‍ക്കാറിന്റെ ഡിജിറ്റല്‍ സ്‌ട്രൈക്ക് ആയാണ് ഇതിനെ വ്യാഖ്യാനിക്കപ്പെട്ടത്. എന്നാല്‍ അതിര്‍ത്തിയില്‍ ചൈന വീണ്ടും സംഘര്‍ഷം തുടര്‍ന്നു. സംഘര്‍ഷം തുടരുന്ന വേളയില്‍ മെയ് എട്ടിനാണ് സര്‍ക്കാര്‍ വീണ്ടും ബാങ്കില്‍ നിന്ന് വായ്പയെടുത്തത്. കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് സാമ്പത്തിക പിന്തുണ തേടിയാണ് വായ്പയെടുത്തത്.

പാര്‍ലമെന്റില്‍ കേന്ദ്രധന സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ബിജെപി എംപിമാരായ സുനില്‍ കുമാര്‍ സിങ്, പിപി ചൗധരി എന്നിവരാണ് ഇതു സംബന്ധിച്ച് വിവരങ്ങള്‍ ആരാഞ്ഞത്.

ചൈനീസ് ആക്രമണത്തിന് പിന്നാലെ, അയല്‍ രാജ്യത്തിന്റെ ഉത്പന്നങ്ങളും സ്മാര്‍ട് സേവനങ്ങളും വ്യാപകമായി ബഹിഷ്‌കരിക്കണമെന്ന മുറവിളിക്കിടെയാണ് സര്‍ക്കാര്‍ ബാങ്കില്‍ നിന്ന് വായ്പ സ്വീകരിക്കുന്നത്.

ഏഷ്യന്‍ മേഖലയുടെ സാമൂഹിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് സ്ഥാപിക്കപ്പെട്ട ബഹുരാഷ്ട്ര ബാങ്കാണ് എഐഐബി. 2016 ജനുവരിയിലാണ് ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചത്. ബാങ്കിന്റെ തുടക്ക കാലം മുതല്‍ തന്നെ ഇന്ത്യയും അംഗമാണ്. എന്നാല്‍ ചൈനയാണ് ബാങ്കിലെ ഏറ്റവും വലിയ ഓഹരിയുടമ. 26.61 ശതമാനം ഓഹരിയാണ് ചൈനയുടെ പക്കലുള്ളത്. ഇന്ത്യയുടെ പക്കല്‍ 7.6 ശതമാനവും.

Test User: