X

അശ്വിന് അഞ്ച് വിക്കറ്റ്: ഇംഗ്ലണ്ട് 255ന് പുറത്ത്, ഇന്ത്യക്ക് 200 റണ്‍സ് ലീഡ്

വിശാഖപട്ടണം: ഒരിക്കല്‍ കൂടി രവിചന്ദ്ര അശ്വിന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ 255 റണ്‍സിന് പുറത്തായി. ഇതോടെ ഇന്ത്യക്ക് ആദ്യ ഇന്നിങ്‌സില്‍ 200 റണ്‍സിന്റെ മികച്ച ലീഡും ലഭിച്ചു. ഇംഗ്ലണ്ടിനെ ഫോളോ ഓണ് അനുവദിക്കാമെങ്കിലും കോഹ്ലി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടരുകയായിരുന്നു. ബെന്‍ സ്റ്റോക്ക്(70) ജോണി ബയര്‍‌സ്റ്റോ(53) ജോ റൂട്ട്(53) ആദില്‍ റാഷിദ്(32) എന്നിവര്‍ക്ക് മാത്രമെ തിളങ്ങാനായുളളൂ.

അശ്വിന്‍ 29.5 ഓവറില്‍ 67 റണ്‍സ് വിട്ടുകൊടുത്താണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ഷമി, ഉമേഷ് യാദവ്, ജയന്ത് യാദവ്, ജദേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഒരാളെ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ റണ്ണൗട്ടാക്കി.

അഞ്ചിന് 103 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് വേണ്ടി സ്റ്റോക്കും ബയര്‍‌സ്റ്റോവും നല്ല നിലയില്‍ തുടങ്ങി. 110 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ പടുത്തുയര്‍ത്തിയത്. എന്നാല്‍ ബയര്‍സ്‌റ്റോവിനെ പുറത്താക്കി ഉമേഷ് യാദവ് ഇന്ത്യയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നീട് വന്ന ആദില്‍ റാഷിദിനെ കൂട്ടുപിടിച്ച് ബെന്‍ സ്റ്റോക്ക് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുന്നതിനിടെ സ്റ്റോക്കിനെ വിക്കറ്റിന് മുന്നില്‍ കരുക്കി അശ്വിന്‍ നിര്‍ണായക ബ്രേക്ക് ത്രൂ സമ്മാനിച്ചു.

പിന്നീട് വന്നവര്‍ക്കൊന്നും കാര്യമായി തിളങ്ങാനായില്ല. നേരത്തെ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ്‌
455 റണ്‍സിനാണ് അവസാനിച്ചത്. കോഹ്ലി(167) പുജാര(119) എന്നിവരുടെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ നേടിയത്.

chandrika: