X

തകര്‍ത്തടിച്ച് ബട്ട്‌ലര്‍, മൂന്നാം ട്വന്റി 20 യില്‍ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം

അഹമ്മദാബാദ്: ഇന്ത്യ- ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം. 52 പന്തില്‍ 83 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജോസ് ബട്ട്‌ലറിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. ഇതോടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി.

157 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് സ്‌കോര്‍ 23-ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ ജേസണ്‍ റോയിയെ (9) നഷ്ടമായി.

പിന്നാലെ രണ്ടാം വിക്കറ്റില്‍ 58 റണ്‍സ് കൂട്ടിച്ചേര്‍ത്ത ബട്ട്‌ലര്‍ – ഡേവിഡ് മലാന്‍ സഖ്യമാണ് മത്സരം ഇംഗ്ലണ്ടിന്റെ വരുതിയിലാക്കിയത്.

17 പന്തില്‍ നിന്ന് ഒരു സിക്‌സ് സഹിതം 18 റണ്‍സെടുത്ത മലാനെ പുറത്താക്കി വാഷിങ്ടണ്‍ സുന്ദറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

പിന്നാലെ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ബട്ട്‌ലര്‍ – ജോണി ബെയര്‍സ്‌റ്റോ സഖ്യം ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചു. ഇരുവരും ചേര്‍ന്ന് 77 റണ്‍സാണ് ഇംഗ്ലണ്ട് സ്‌കോറിലേക്ക് ചേര്‍ത്തത്. 28 പന്തുകള്‍ നേരിട്ട ബെയര്‍‌സ്റ്റോ 40 റണ്‍സോടെ പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 156 റണ്‍സെടുത്തത്.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ചുറി നേടിയ വിരാട് കോലിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. 46 പന്തുകള്‍ നേരിട്ട കോലി നാലു സിക്‌സും എട്ടു ഫോറുമടക്കം 77 റണ്‍സോടെ പുറത്താകാതെ നിന്നു.

web desk 3: