X

ഋഷഭ് പന്തിന്റെ സെഞ്ചുറി കരുത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 89 റണ്‍സ് ലീഡ്

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയ്ക്ക് 89 റണ്‍സ് ലീഡ്. സെഞ്ചുറി നേടിയ ഋഷഭ് പന്തിന്റെ പ്രകടനമികവിലാണ് ഇന്ത്യ ആദ്യ ഇന്നിങ്സില്‍ ലീഡ് സ്വന്തമാക്കിയത്.

രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സെടുത്തിട്ടുണ്ട്. 60 റണ്‍സെടുത്ത് വാഷിങ്ടണ്‍ സുന്ദറും 11 റണ്‍സ് നേടി അക്ഷര്‍ പട്ടേലും പുറത്താവാതെ നില്‍ക്കുന്നു
അര്‍ധസെഞ്ചുറി നേടിയ വാഷിങ്ടണ്‍ സുന്ദറും 49 റണ്‍സെടുത്ത ഓപ്പണര്‍ രോഹിത്തും മികച്ച പ്രകടനം കാഴ്ചവെച്ചു.

24-ന് ഒന്ന് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ഒട്ടും ശുഭകരമായിരുന്നില്ല കാര്യങ്ങള്‍. സ്‌കോര്‍ 40-ല്‍ എത്തിയപ്പോള്‍ ചേതേശ്വര്‍ പൂജാരയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ജാക്ക് ലീച്ച് ഇന്ത്യയുടെ രണ്ടാം വിക്കറ്റെടുത്തു. പിന്നാലെ വന്ന നായകന്‍ കോലിയെ അക്കൗണ്ട് തുറക്കും മുന്‍പ് ബെന്‍ സ്റ്റോക്സ് പുറത്താക്കിയതോടെ ഇന്ത്യ ശരിക്കും വിയര്‍ത്തു.

എന്നാല്‍ പിന്നീട് വന്ന അജിങ്ക്യ രഹാനെയെ കൂട്ടുപിടിച്ച് രോഹിത് ശര്‍മ ഇന്ത്യയെ വലിയ തകര്‍ച്ചയില്‍ നിന്നും കരകയറ്റി. എന്നാല്‍ 27 റണ്‍സെടുത്ത രഹാനെയെ പുറത്താക്കി ആന്‍ഡേഴ്സന്‍ കളി വീണ്ടും ഇംഗ്ലണ്ടിന് അനുകൂലമാക്കി. രഹാനെയ്ക്ക് പിന്നാലെ വന്ന ഋഷഭ് പന്തിനെ കൂട്ടുപിടിച്ച് രോഹിത് ടീം സ്‌കോര്‍ 100 കടത്തി.

സ്‌കോര്‍ 121-ല്‍ നില്‍ക്കേ അര്‍ധസെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന രോഹിതിനെ 49 റണ്‍സിന് പുറത്താക്കി ബെന്‍ സ്റ്റോക്സ് ഇന്ത്യയെ ഞെട്ടിച്ചു. രോഹിതിന് ശേഷം വന്ന അശ്വിന്‍ 13 റണ്‍സെടുത്ത് പുറത്തായതോടെ ഇന്ത്യ ശരിക്കും അപകടത്തിലായി.146-ന് ആറ് എന്ന നിലയിലായി ഇന്ത്യ.

എന്നാല്‍ പിന്നീട് ക്രീസിലെത്തിയ വാഷിങ്ടണ്‍ സുന്ദറിനെ കൂട്ടുപിടിച്ച പന്ത് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. വൈകാതെ പന്ത് അര്‍ധസെഞ്ചുറി തികച്ചു. സുന്ദറും മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തി. വൈകാതെ ആദ്യ ഇന്നിങ്സില്‍ ലീഡും സ്വന്തമാക്കി.

ലീഡ് നേടിയതോടെ പന്ത് ആക്രമിച്ച് കളിക്കാന്‍ തുടങ്ങി. വൈകാതെ താരം സെഞ്ചുറിയും നേടി. 115 പന്തുകളില്‍ നിന്നും 13 ഫോറുകളുടെയും രണ്ട് സിക്സുകളുടെയും അകമ്പടിയോടെയാണ് പന്ത് സെഞ്ചുറി നേടിയത്. താരത്തിന്റെ മൂന്നാം ടെസ്റ്റ് സെഞ്ചുറിയാണിത്. എന്നാല്‍ സെഞ്ചുറി നേടിയതിനുപിന്നാലെ 101 റണ്‍സെടുത്ത പന്തിനെ ആന്‍ഡേഴ്സന്‍ പുറത്താക്കി. സുന്ദറിനൊപ്പം 113 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് പന്ത് മടങ്ങിയത്. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്സന്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബെന്‍ സ്റ്റോക്സ്, ജാക്ക് ലീച്ച് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 205 റണ്‍സാണ് നേടിയത്.

 

web desk 3: