X

ഹിറ്റ്മാനും കോഹ്‌ലിയുമില്ലാതെ ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനം ഇന്ന്

സീനിയര്‍ കളിക്കാരായ രോഹിത് ശര്‍മ, വിരാട് കോലി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ തുടങ്ങിയവരില്ലാതെ പുതിയൊരുപരീക്ഷണത്തിന് ഇന്ത്യന്‍ ടീം ഇവിടെ ഇറങ്ങുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യമത്സരം ഇന്ന് ഉച്ചയ്ക്ക് 1.30 മുതല്‍ ജൊഹാനസ്ബര്‍ഗില്‍.

ലോകകപ്പ് ഫൈനലിലെ തോല്‍വിക്കുശേഷം ഇന്ത്യയുടെ ആദ്യത്തെ ഏകദിന മത്സരമാണിത്. രോഹിത്തും കോഹ്‌ലിയുമില്ലാതെ മുമ്പും പരമ്പരകള്‍ കളിച്ചിട്ടുണ്ടെങ്കിലും ഭാവി ഇന്ത്യന്‍ ടീമിനെ കണ്ടെത്തുന്നതിന്റെ തുടക്കം എന്നനിലയ്ക്കാണ് ഇക്കുറി തീര്‍ത്തും പുതിയൊരു ടീമിനെ ഇറക്കുന്നത്. കെ.എല്‍. രാഹുലാണ് ഇന്ത്യയുടെ നായകന്‍.

മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. ബാറ്റിങ്ങില്‍ പരിചയസമ്പന്നനായ മറ്റൊരാള്‍ ശ്രേയസ് അയ്യര്‍ മാത്രം. പക്ഷേ, ശ്രേയസ് ഇന്നത്തെ മത്സരത്തില്‍ മാത്രമേ കളിക്കൂ. ഋതുരാജ് ഗെയ്ക്വാദ്, റിങ്കു സിങ്, തിലക് വര്‍മ, രജത് പടിദാര്‍ എന്നിവരാണ് മറ്റു പ്രധാനബാറ്റര്‍മാര്‍.

കെ.എല്‍. രാഹുല്‍ വിക്കറ്റ് കീപ്പറായതിനാല്‍, സഞ്ജു ആ റോളില്‍ ഇറങ്ങാന്‍ സാധ്യതയില്ല. സ്‌പെഷലിസ്റ്റ് ബാറ്ററായി ഇറക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ടി 20-യില്‍ തിളങ്ങിയ റിങ്കു സിങ്ങിന് ഏകദിനത്തിലും അവസരം ലഭിക്കുമെന്നാണ് സൂചന.കാഗിസോ റബാഡ, ലുങ്കി എന്‍ഗീഡി എന്നീ പ്രധാന പേസ് ബൗളര്‍മാര്‍ ഇല്ലാതെയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.

ഇന്ത്യന്‍ ടീം: കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ, രജത് പടിദാര്‍, റിങ്കു സിങ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ആകാശ് ദീപ്.

 

webdesk13: