X

നേപ്പാളിനെ തുരത്തി ഇന്ത്യ

മുംബൈ: നേപ്പാളിനെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യക്ക് ജയം. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം ലോക റാങ്കിങില്‍ 169-ാം സ്ഥാനക്കാരായ നേപ്പാളില്‍ നിന്നും 100-ാം റാങ്കിലുള്ള ഇന്ത്യക്ക് കാര്യമായ വെല്ലുവിളികളൊന്നും നേരിടേണ്ടി വന്നില്ല. ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം 60-ാം മിനിറ്റില്‍ സന്ദേശ് ജിംഗന്‍, 78-ാം മിനിറ്റില്‍ ജെജെ ലാല്‍പെഖ്‌ലുവ എന്നിവരാണ് ഇന്ത്യക്കു വേണ്ടി നിറയൊഴിച്ചത്. ക്യാപ്റ്റന്‍ ബിരാജ് മഹാര്‍ജന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് 10 പേരുമായാണ് നേപ്പാള്‍ മത്സരം പൂര്‍ത്തിയാക്കിയത്. എ.എഫ്.സി കപ്പില്‍ കിര്‍ഗിസ്ഥാനെതിരായ മത്സരത്തിന് മുന്നോടിയായാണ് ഇന്ത്യ നേപ്പാളുമായി സന്നാഹ മത്സരം കളിച്ചത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, മലയാളി താരം സി.കെ വിനീത് എന്നിവരെ കൂടാതെയാണ് ഇന്നലെ ഇന്ത്യ ഇറങ്ങിയത്. ആദ്യ പകുതിയില്‍ തീര്‍ത്തും വിരസമായ പ്രകടനമായിരുന്നു ഇന്ത്യയുടേത്. ചില മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യം കാണുന്നതില്‍ ഇന്ത്യന്‍ താരങ്ങളായ റോബിന്‍ സിങും ജെ.ജെയും അമ്പേ പിഴച്ചു. രണ്ടാം പകുതിയിലാണ് ഇ്ന്ത്യക്ക് ആശ്വാസമേകിക്കൊണ്ട് ഗോളുകള്‍ പിറന്നത്. നേപ്പാള്‍ ഗോള്‍മുഖത്തെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ സന്ദേശ് ജിങ്കന്റെ ഹാഫ് വോളി നേപ്പാള്‍ വലയില്‍ കയറി. സ്‌കോര്‍ 1-0. 78-ാം മിനിറ്റില്‍ മുഹമ്മദ് റഫീഖില്‍ നിന്നും ലഭിച്ച പാസ് ജെജെ നേപ്പാള്‍ വലയിലെത്തിച്ചതോടെ ഇന്ത്യ 2-0 എന്ന നിലയില്‍ മുന്നിലെത്തി. 18 വര്‍ഷമായി ഇന്ത്യയെ പരാജയപ്പെടുത്താനാവാത്ത നേപ്പാളിന് ഇത്തവണയും റെക്കോര്‍ഡ് തകര്‍ക്കാനായില്ല. 1999ലെ സാഫ് ഗെയിംസിലാണ് ഇന്ത്യ അവസാനമായി നേപ്പാളിനോട് തോറ്റത്.

chandrika: